സൈനിക കലാപം തുടരുന്ന സുഡാനില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായതിനാല്‍ സഹായം ആവശ്യപ്പെട്ട് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന. പട്ടിണിയും പോഷകാഹാരക്കുറവ് മൂലവും ഏതാണ്ട് അഞ്ഞൂറോളം കുട്ടികൾ മരണമടഞ്ഞതായി സംഘടന അറിയിച്ചു. ആഗസ്റ്റ് 22 ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.
സംഘടന പുറത്തുവിട്ട പത്രക്കുറിപ്പുപ്രകാരം, സൈനിക കലാപം ആരംഭിച്ചതിനുശേഷം നിരവധി ഭക്ഷ്യസംരക്ഷണശാലകൾ കൊള്ളചെയ്യപ്പെടുകയും കുട്ടികൾക്കായുള്ള പോഷകാഹാര പാക്കറ്റുകൾ മോഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം രൂക്ഷമായി. മരണമടഞ്ഞതായി രേഖപ്പെടുത്തപ്പെട്ട 498 കുട്ടികൾക്കുപുറമെ, നിരവധി കുട്ടികൾ മരണമടഞ്ഞിട്ടുണ്ടാകാമെന്നും സംഘടന വ്യക്തമാക്കി. ഇവരിൽ ഇരുപതു കുട്ടികൾ ഒരു സർക്കാർ അനാഥാലയത്തിലാണ് മരണമടഞ്ഞത്.
അതേസമയം, രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണവും സഹായങ്ങളും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് സേവ് ദി ചിൽഡ്രൻ സംഘടന ആവശ്യപ്പെട്ടു. സുഡാനിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യത്തുടനീളം കുട്ടികൾക്കായുള്ള 57 ഭക്ഷ്യചികിത്സാകേന്ദ്രങ്ങൾ സർക്കാർ അടച്ചുപൂട്ടിയിരുന്നു. ഏതാണ്ട് 31,000 കുട്ടികൾക്കാണ് ഇതുവഴി ചികിത്സാസൗകര്യം നിഷേധിക്കപ്പെട്ടത്.