Tuesday, November 26, 2024

ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു; പട്ടിണിയിലേക്ക് കൂപ്പുകുത്തി ശ്രീലങ്കൻ കുട്ടികൾ

നിതീഷ്. മൂന്നുവയസുകാരനായ ശ്രീലങ്കൻ ആൺകുട്ടി. ശരീരവേദനയും ഭാരക്കുറവുമായി ഡോക്ടറെ കാണുവാൻ എത്തിയതായിരുന്നു അവൻ. ഒറ്റ നോട്ടത്തിൽ തന്നെ അവനു പോഷകാഹാരക്കുറവ് ഉള്ളതായി ഡോക്ടറിന് മനസിലായി. നല്ലഭക്ഷണം കുഞ്ഞിന് നൽകുക എന്ന ഡോക്ടറിന്റെ നിർദ്ദേശത്തിന് മുന്നിൽ നിസ്സഹായതയോടെ നോക്കി ഇരിക്കുവാനേ അവന്റെ അമ്മയ്ക്ക് കഴിഞ്ഞുള്ളു. കാരണം നിതീഷിനും കുടുംബത്തിനും നല്ല ഭക്ഷണം എന്നത് അൽപ്പം ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. അതിനു കാരണം ഭക്ഷണ സാധനങ്ങൾക്ക് അനിയന്ത്രിതമായി ഉയരുന്ന വില തന്നെ.

ശ്രീലങ്കയിലെ പലരെയും പോലെ, രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഹന്താനയിലെ ഒരു തേയിലത്തോട്ട ഗ്രാമത്തിൽ നിന്നുള്ള കുടുംബമാണ് നിതീഷിന്റേത്. “ഞങ്ങൾ ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നു, ഉരുളക്കിഴങ്ങോ പയറോ ഉള്ള ചോറ്. അതാണ് കഴിക്കുന്നത്. ഞങ്ങൾക്ക് മറ്റൊന്നും താങ്ങാൻ കഴിയില്ല,”- നിതിഷിൻറെ അമ്മ ഹർഷിണി പറയുന്നു. ആഴ്ചകളായി, കുടുംബത്തിന് പാലോ മുട്ടയോ വാങ്ങാൻ കഴിയുന്നില്ല. നിതീഷിന് താഴെ ഒരു മാസം പ്രായമായ ഒരു പെൺകുഞ്ഞു കൂടെ ഉണ്ട് ഹർഷിണിക്ക്. ഭാരക്കുറവോടെ ജനിച്ച ഈ കുഞ്ഞിന് വളർച്ചയുടെ പ്രധാന ഹോർമോണായ തൈറോക്സിന്റെ അഭാവം ഉണ്ട്. ഗർഭാവസ്ഥയിൽ പോഷകസമൃദ്ധമായ ആഹാരം ഇല്ലാതെ വരുന്നത് കൊണ്ടാണ് ഇത്തരം രോഗാവസ്ഥ കുഞ്ഞിന് ഉണ്ടാകുന്നത്. ഈ അവസ്ഥകൾ ഈ കുടുംബം കടന്നു പോകുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയും ദാരിദ്ര്യാവസ്ഥയും വെളിപ്പെടുത്തുന്നു.

ശ്രീലങ്കയിൽ കഴിഞ്ഞ കുറച്ചു നാളുകളായി സാധാരണക്കാരായ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധി ഇതാണ്. വരുമാനം കുറയുന്നു, ഭക്ഷണ വില കുതിച്ചുയരുന്നു. ഇത് ഭക്ഷണം ഒഴിവാക്കാനും പട്ടിണി കിടക്കാനും കുടുംബങ്ങളെ നിർബന്ധിതരാക്കുന്നു. നിതിഷിൻറെ ഗ്രാമത്തിലെ പല കുട്ടികളും ഇപ്പോൾ പലപ്പോഴും രോഗബാധിതരാകുന്നു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതാണ് ഇതിനു കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ശ്രീലങ്കയിൽ ഏകദേശം 56,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് യുണിസെഫും വെളിപ്പെടുത്തുന്നു.

ഏറ്റവും പുതിയ വേൾഡ് ഫുഡ് പ്രോഗ്രാം കണക്കുകൾ പ്രകാരം ശ്രീലങ്കയിലെ മൂന്നിലൊന്ന് കുടുംബങ്ങൾക്കും സുരക്ഷിതമായ ഭക്ഷണ സ്രോതസ്സില്ല, ഏകദേശം 70% കുടുംബങ്ങളും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Latest News