“പ്രൈമറി ഗ്രേഡ് മുതൽ ഉള്ള ഈ കുട്ടികളിൽ ഭൂരിഭാഗവും രാവിലെ ഒന്നും കഴിക്കാതെയാണ് സ്കൂളിൽ വരുന്നത്. മൂന്ന് നാല് മാസം മുമ്പ് സ്കൂൾ അസംബ്ലിയിൽ ദിവസവും 20-25 കുട്ടികളെങ്കിലും തളർന്നു വീഴാറുണ്ടായിരുന്നു.” തെക്കൻ ശ്രീലങ്കയിലെ മതുഗമയിലുള്ള ഹൊറവാല മഹാ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ അനോമ ശ്രിയാംഗി ധർമ്മവർദ്ധനയുടെ വാക്കുകളാണ് ഇത്. വർദ്ധിക്കുന്ന വിലക്കയറ്റവും വേതനക്കുറവും സാധാരണക്കാരുടെ അടുക്കളയെ സാരമായി ബാധിച്ചപ്പോൾ പലകുട്ടികളും സ്‌കൂളുകളിൽ പ്രാതൽ കഴിക്കാതെ എത്തിത്തുടങ്ങി. ആ പതിവ് പതിയെ സ്‌കൂളിൽ പോക്ക് നിർത്തലാക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചു. സംഭവങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ പ്രിൻസിപ്പലും സ്‌കൂൾ അധികൃതരും ഒരു വഴി കണ്ടെത്തി. അതായിരുന്നു ഒരു ഫുഡ് പ്രോഗ്രാം.
പാചകം ചെയ്യാൻ സന്നദ്ധരായ രക്ഷിതാക്കളുടെ പിന്തുണയോടെ സ്‌കൂളിൽ കഞ്ഞിയും ഉച്ചഭക്ഷണ പരിപാടിയും ആരംഭിച്ചു. പതിയെ പതിയെ ഒരു നേരത്തെ ഭക്ഷണം എങ്കിലും കഴിക്കാനായി കുട്ടികൾ സ്‌കൂളിൽ എത്താൻ തുടങ്ങി. ഒരു നേരത്തെ ഭക്ഷണം എങ്കിലും കുട്ടികൾക്ക് ലഭിക്കുമല്ലോ എന്ന് കരുതി മാതാപിതാക്കളും മക്കളെ സ്‌കൂളിൽ അയക്കുവാൻ താല്പര്യം കാണിച്ചു. ഇത് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. കമ്മ്യൂണിറ്റി കിച്ചണുകളും ഭക്ഷണ ഹാൻഡൗട്ടുകളും ഈ പദ്ധതി ഏറ്റെടുക്കുകയും പല സ്‌കൂളുകളിലും കൂടെ ഫുഡ് പ്രോഗ്രാം നടത്തുവാൻ തുടങ്ങുകയും ചെയ്തു.
ഇന്ന് ഈ ഭക്ഷണ പരിപാടികൾ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിന് സഹായിക്കുകയും കാര്യങ്ങൾ കൂടുതൽ വഷളാകുന്നത് തടയുകയും ചെയ്യുന്നു. കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് രൂക്ഷമായി വരുന്നത് ഗവണ്മെന്റ് ആദ്യം അംഗീകരിച്ചിരുന്നില്ല. എന്നാൽ വിവിധ പഠനങ്ങളുടെ ചുവടുപിടിച്ച് ഈ സത്യം സർക്കാർ അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ആരോഗ്യ മന്ത്രാലയത്തിന്റെ ഫാമിലി ഹെൽത്ത് ബ്യൂറോയിൽ നിന്നുള്ള സമീപകാല കണക്കുകൾ കാണിക്കുന്നത് കുട്ടികൾക്കിടയിൽ വളർച്ച മുരടിപ്പ്, പ്രായത്തിനനുസരിച്ച് ഉയരം ഇല്ലായ്മ, ഭാരക്കുറവ്, ഉയരത്തിനനുസരിച്ച് തൂക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കൂടിവരുകയാണ് എന്നാണ്. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ കഴിഞ്ഞ ഒരു വർഷമായി കുട്ടികളുടെ ഇടയിൽ വർധിക്കുന്നതായും ഫാമിലി ഹെൽത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു.
സ്‌കൂളിൽ സൗജന്യ ഉച്ചഭക്ഷണം നൽകുന്നതിനും പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള സപ്ലിമെന്റുകൾ വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഇരട്ടിയാക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ എത്രയും വേഗം ഊർജ്ജിതമാക്കിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.