വാശിയേറിയ ഖത്തര്‍ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് അന്തിമക്രമമായി. ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന അവസാന റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമായത്.
ഡിസംബര്‍ ആറിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് പോരാട്ടത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പറങ്കിപട പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഡിസംബർ പത്തിന് അൽ തുമാമ സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് തകര്‍ത്താണ് മൊറോക്കോയുടെ കന്നി ലോകകപ്പ് ക്വാർട്ടര്‍ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെയും ബെൽജിയത്തെയും മൊറോക്കൊ പരാജയപ്പെടുത്തിയിരുന്നു.
ഡിസംബർ ഒമ്പതിന് എഡ്യൂക്കേഷൻ സ്‌റ്റേഡിയത്തിൽ ക്രൊയേഷ്യയും ബ്രസീലും തമ്മിലുള്ള മത്സരത്തോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങള്‍ ആരംഭിക്കും. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ബ്രസീല്‍ കളത്തില്‍ ഇറങ്ങുന്നത്. അതേസമയം ലുസൈൽ സ്‌റ്റേഡിയത്തിൽ വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും.
പോർച്ചുഗൽ-മൊറോക്കോ പോരാട്ടത്തിന് ശേഷം ഡിസംബർ പത്തിന് അൽ ബൈത്ത് സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലാണ് അവസാനത്തെ ക്വാർട്ടർ ഫൈനല്‍.