ലോകം കാത്തിരിക്കുന്ന ഫുട്ബോള്‍ വിരുന്നിനായി കൗണ്ട്ഡൗണ്‍ തുടങ്ങുന്നു. ഇനി 100 ദിവസം. ഫുട്ബോള്‍ ആരാധകരെ വരവേല്‍ക്കാനുള്ള തിടുക്കത്തിലാണ് ഖത്തര്‍. മത്സരക്രമം പുതുക്കിയാല്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാകും 22-ാമത്തെ ലോകകപ്പ്. നവംബര്‍ 21ന് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്. അടുത്തതവണ ടീമുകളുടെ എണ്ണം നാല്‍പ്പത്തെട്ടാകും. ആകെ 64 കളികളാണ്.
ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത് 2010ലാണ്. അഞ്ചു നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങിയത്. അല്‍ഖോര്‍ നഗരത്തിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മത്സരക്രമം പുതുക്കിയാല്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോര്‍ ആയിരിക്കും ആദ്യ മത്സരം. 60,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ്. ഫൈനല്‍ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ്. 80,000 പേര്‍ക്ക് കളി കാണാം.
ഒട്ടേറെ സവിശേഷതകളുള്ള ലോകകപ്പാണിത്. അറബ്ലോകത്തെ ആദ്യ ലോകകപ്പ്. ഏഷ്യയില്‍ രണ്ടാംതവണയും. അതുപോലെ ലോകകപ്പിന് വേദിയാകുന്ന ചെറിയ രാജ്യം എന്ന സവിശേഷതയുമുണ്ട്. സാധാരണ ലോകകപ്പ് നടക്കുന്നത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ്. ആ സമയത്ത് ഖത്തറില്‍ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബര്‍, ഡിസംബര്‍ തെരഞ്ഞെടുത്തത്.
ലോകകപ്പ് കേരളത്തിന് ഇത്രയടുത്ത് എത്തുന്നതും ആദ്യം. നാലരമണിക്കൂര്‍ വിമാനത്തില്‍ പറന്നാല്‍ ഖത്തറായി. അതിനാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന ലോകകപ്പുമാകും. രാജ്യത്തെ ജനസംഖ്യ 29.83 ലക്ഷമാണ്. അതില്‍ ഏഴുലക്ഷം ഇന്ത്യക്കാരുണ്ട്. അവരില്‍ മൂന്നരലക്ഷമാണ് മലയാളികള്‍. ഏകദേശം 12 ലക്ഷം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. അവര്‍ക്കായി ഇതുവരെ കാണാത്ത താമസസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 30,000 ഹോട്ടല്‍മുറികള്‍ക്കുപുറമേ 65,000 പേര്‍ക്ക് വില്ലകളും അപാര്‍ട്ട്മെന്റുകളും ഒരുക്കിയിരിക്കുന്നു. തീരത്ത് നങ്കൂരമിട്ട രണ്ട് ആഡംബരക്കപ്പലുകളില്‍ 4000 പേര്‍ക്ക് താമസിക്കാം. കുറഞ്ഞ നിരക്കില്‍ താമസത്തിന് ലഭ്യമാകുന്ന കൂടാരങ്ങള്‍ സവിശേഷതയാണ്.
ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുകയാണ്. ആദ്യഘട്ടത്തില്‍ 2.35 കോടിപ്പേര്‍ ടിക്കറ്റിന് അപേക്ഷിച്ചു. 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ, ഖത്തര്‍, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആരാധകരാണ് ടിക്കറ്റ് വാങ്ങാന്‍ മുന്നിലുള്ളത്. ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാംഘട്ടം ഞായറാഴ്ച അവസാനിക്കും.