Tuesday, November 26, 2024

ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ

യുക്രെയ്ന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇതാദ്യമായി റഷ്യയ്ക്കെതിരെ വോട്ട് രേഖപ്പെടുത്തി ഇന്ത്യ. 15 അംഗ യുഎന്‍ കൗണ്‍സില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ, മീറ്റിംഗ് അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചിരുന്നു. സെലന്‍സ്‌കിയെ യോഗത്തിന്റെ ഭാഗമാക്കുന്നതിനെതിരെ റഷ്യ നിലപാടെടുത്തിരുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായി വോട്ടെടുപ്പ് നടത്തിയപ്പോഴാണ് സെലന്‍സ്‌കി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗത്തില്‍ പങ്കെടുക്കുന്നതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.

ഫെബ്രുവരിയില്‍ യുക്രെയ്നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ റഷ്യക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്. ആറ് മാസമായി തുടരുന്ന യുദ്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കഴിഞ്ഞ ദിവസം സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചപ്പോഴാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സെലന്‍സ്‌കി പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ നെബെന്‍സിയ രംഗത്തെത്തിയത്.

സെലെന്‍സ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിര്‍ക്കുന്നില്ലെന്നും, എന്നാല്‍ പങ്കാളിത്തം വ്യക്തിപരമായിരിക്കണമെന്നും നെബെന്‍സിയ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് അവിടെ ഉണ്ടായിരിക്കണമെന്നും അല്‍ബേനിയയുടെ അംബാസഡര്‍ ഫെറിറ്റ് ഹോക്സ വാദിച്ചു. തുടര്‍ന്ന് സെലന്‍സ്‌കിയുടെ പങ്കാളിത്തത്തിനെതിരെ റഷ്യ വോട്ട് രേഖപ്പെടുത്തി. അതേ സമയം ചൈന വിട്ടു നിന്നു. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ സെലന്‍സ്‌കി ഉന്നയിച്ചത്.

 

 

Latest News