Wednesday, May 14, 2025

അവയവങ്ങള്‍ കൊണ്ടുപോകുന്നതിന് ആദ്യമായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം

അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങള്‍ കൊണ്ടുപോകുന്നതിന് ആദ്യമായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങളുമായി പോകുന്ന വിമാനങ്ങള്‍ക്ക് ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും മുന്‍ഗണന നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.

ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. വിമാനമാര്‍ഗം കൊണ്ടുപോകാന്‍ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും മുന്‍ഗണന നല്‍കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് വിമാനക്കമ്പനികള്‍ക്ക് അഭ്യര്‍ഥിക്കാം. മുന്‍നിര സീറ്റുകളും നല്‍കാം.

മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് വൈകി ചെക്ക്-ഇന്‍ ചെയ്യാം. ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളത്തെ വിവരമറിയിക്കണം. വിമാനത്തില്‍ അവയവമുണ്ടെന്ന് ഫ്‌ളൈറ്റ് ക്യാപ്റ്റന് അറിയിപ്പും നല്‍കാം. അവയവം കൊണ്ടുപോകാന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ട്രോളികള്‍ എയര്‍ലൈന്‍ ക്രൂ ക്രമീകരിക്കണം.ആംബുലന്‍സിന് റണ്‍വേവരെ പോകാം. വിമാനത്താവള ഉദ്യോഗസ്ഥര്‍ സൗകര്യം ഒരുക്കണം.

അവയവം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലാത്ത ഹരിത ഇടനാഴി രൂപപ്പെടുത്താനും മേല്‍നോട്ടം വഹിക്കാന്‍ ഒരു പോലീസ് ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കാനും നിര്‍ദേശമുണ്ട്. ഹരിത ഇടനാഴി നിര്‍ണയിക്കുമ്പോള്‍ അധികാരപരിധി, സുരക്ഷാ ആശങ്കകള്‍, അവയവദാനത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ട്രാഫിക് പോലീസിനെ ബോധവത്കരിക്കണം.

മെട്രോയിലൂടെ അവയവം കൈമാറുമ്പോള്‍ മെട്രോ ട്രാഫിക് കണ്‍ട്രോള്‍ ഇതിന് മുന്‍ഗണന നല്‍കണം. സുരക്ഷാ പരിശോധനകളിലെ കാലതാമസം ഒഴിവാക്കാന്‍ ഇതുസംബന്ധിച്ച് നേരത്തേ അറിയിക്കണം. അവയവപ്പെട്ടി ശരിയായ സ്ഥാനത്തും കൃത്യതയിലും സൂക്ഷിക്കണം. ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യുക’ എന്ന ലേബലുമൊട്ടിക്കണം. സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കണം.

റോഡ്, തീവണ്ടികള്‍, കപ്പലുകള്‍ വഴിയുള്ള കൈമാറ്റത്തിനും മാര്‍ഗനിര്‍ദേശമുണ്ട്. നിതി ആയോഗ്, വിവിധ മന്ത്രാലയങ്ങള്‍, ഈ രംഗത്തെ വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് മാര്‍ഗനിര്‍ദേശം വികസിപ്പിച്ചതെന്ന് നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്‌ളാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ) ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ പറഞ്ഞു.

 

Latest News