Sunday, November 24, 2024

കേരളത്തിലെ എല്ലാ ക്രൈസ്തവരുടെയും അടിയന്തരശ്രദ്ധയ്ക്ക്

ടോണി ചിറ്റിലപ്പിള്ളി

ക്രൈസ്തവ ജനസംഖ്യ അപകടകരമായ രീതിയില്‍ കുറയുന്നു. ക്രൈസ്തവ വിവാഹങ്ങള്‍ കുറയുന്നു. ക്രൈസ്തവര്‍ രാഷ്ട്രീയത്തില്‍നിന്നും മാറ്റപ്പെടുന്നു. ഭരണഘടനാ പദവികളില്‍നിന്നും തുടച്ചുനീക്കപ്പെടുന്നു. സിവില്‍ സര്‍വീസില്‍നിന്നും പിന്തള്ളപ്പെടുന്നു. യുവജനങ്ങള്‍ നാടുവിടുന്നു. സമുദായങ്ങള്‍ക്കും റീത്തുകള്‍ക്കും അതീതമായി ക്രൈസ്തവ വിഭാഗങ്ങള്‍ അടിയന്തരമായി ഒന്നിക്കണം.

ക്രൈസ്തവയുവാക്കളുടെ എണ്ണം കുറയുന്ന കേരള സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ആളുകളുടെ കുടിയേറ്റം കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നു. ജനസംഖ്യയില്‍ വരുന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസംമുതല്‍ മത-സാമൂഹികമേഖലകളില്‍ പ്രതിഫലിക്കുന്നുണ്ട്. വിദേശ കുടിയേറ്റചരിത്രമുള്ള കോട്ടയം, പത്തനംതിട്ട ജില്ലയിലാണ് ആദ്യമാറ്റങ്ങള്‍ പ്രകടമാകുന്നത്. ഒരു കുഞ്ഞു മാത്രമുള്ള കുടുംബങ്ങളും, കുട്ടികള്‍ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും ക്രൈസ്തവരില്‍ വര്‍ധിക്കുന്നതാണ് ഒരു പ്രധാന കാരണം.

മധ്യ തിരുവിതാംകൂര്‍ ക്രൈസ്തവസഭകള്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. മുതിര്‍ന്നവരുടെ എണ്ണം കൂടുന്നു. യുവജനങ്ങള്‍ എല്ലാവരും നാടുവിടുന്നു. അടഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം കൂടുന്നു. ഒരു നാടിന്റെ ടോട്ടല്‍ ഫെര്‍ട്ടലിറ്റി നിരക്ക് 2.1 ആണെങ്കില്‍ മാത്രമേ ജനസംഖ്യ അതേനിലയില്‍ തുടരുകയുള്ളൂ. കേരളത്തിന്റെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ല്‍ നടത്തിയ ആദ്യ സര്‍വേയില്‍ ഇത് 2.0 ആയിരുന്നു. കേരളത്തിലെ കുടുംബങ്ങളില്‍ ശരാശരി രണ്ടു കുട്ടികള്‍ ഇല്ലെന്നാണ് ഇതിനര്‍ഥം.

2021-ല്‍ കേരളത്തിലെ വയോജങ്ങളുടെ എണ്ണം 15.63% ആണ്. 2026 ആകുമ്പോഴേക്ക് കേരളത്തില്‍ 20% പേര്‍ 60 വയസ്സു കഴിഞ്ഞവരായിരിക്കുമെന്നു പറയാം. കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ വീടുകളില്‍ ഏറിവന്നാല്‍ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേര്‍പകുതിയായി. ഇന്ന് ഹിന്ദു-ക്രിസ്ത്യന്‍ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാന്‍പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണമെന്ന വ്യവസ്ഥയെതന്നെ എതിര്‍ക്കുന്ന പ്രവണത ഹിന്ദു-ക്രിസ്ത്യന്‍ വീടുകളില്‍ വളര്‍ന്നുവരുന്നുണ്ട്. ‘ലിവിങ് ടുഗദര്‍ പോരേ’ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്.

ചൈന എല്ലാകാര്യത്തിലും നമ്മളേക്കാള്‍ മുന്നിലാണ്. പക്ഷേ, അറുപതു കഴിഞ്ഞവരാണ് അവരുടെ സമൂഹത്തില്‍ ഭൂരിഭാഗവും. സമൂഹത്തെ നാളെ മുന്നോട്ടുനയിക്കാന്‍ ചെറുപ്പക്കാരില്ലാത്ത അവസ്ഥയാണ് അവര്‍ക്കുള്ളത്. സാങ്കേതികമികവില്‍ ലോകത്തെ ഞെട്ടിച്ച ജപ്പാനിലും വൃദ്ധന്മാരാണ് കൂടുതലുള്ളത്. ചെറിയ ഒരു ശതമാനം മാത്രമേ ചെറുപ്പക്കാരുള്ളൂ. ഈ അവസ്ഥ ഇവിടെ കേരളത്തില്‍ ഉണ്ടാകാന്‍ പാടുണ്ടോയെന്ന് നാം ചിന്തിക്കണം.

കേരളത്തില്‍ ക്രൈസ്തവ സാമുദായിക ജനസംഖ്യാ കണക്കെടുപ്പ് നടപ്പാക്കണം. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് പല കാരണങ്ങള്‍കൊണ്ടും സാമൂഹികനീതി നിഷേധിക്കപ്പെടുന്നുണ്ട്. ക്രൈസ്തവ ജനസംഖ്യ കേരളത്തില്‍ കുറയുന്നതിന്റെ പ്രധാനകാരണം, ഒരു കുട്ടി മാത്രമുള്ള സാമൂഹികപരിഷ്‌കാരങ്ങള്‍ക്കായി പ്രചാരണത്തില്‍ പെട്ടുപോയതുകൊണ്ടാണ്. സംസ്ഥാനത്തെ മറ്റു ന്യൂനപക്ഷസമുദായങ്ങളെ അപേക്ഷിച്ച് മതിയായ സര്‍ക്കാര്‍ സംരക്ഷണത്തിന്റെ അഭാവം ക്രൈസ്തവര്‍ നേരിടുന്നു. ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ നടപ്പിലാക്കിയില്ല.

ജനാധിപത്യത്തില്‍ ജനങ്ങളുടെ ബലമാണ് പ്രധാനം. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ കാലത്തിനൊത്തു ചിന്തിക്കാന്‍ കഴിവുളളവരെ വളര്‍ത്താന്‍ ക്രൈസ്തവനേതൃത്വങ്ങള്‍ക്കു കഴിയണം. കേരളത്തിലെ ക്രൈസ്തവസഭകള്‍ ഒരുകാലത്ത് അവയുടെ രാഷ്ട്രീയ-സാമൂഹ്യസ്വാധീനത്തിന്റെ സുവര്‍ണ്ണകാലത്തിലെത്തുകയും ഇപ്പോള്‍ അവിടെനിന്നും സാവകാശം താഴേക്കിറങ്ങുകയുമാണ്. ഇന്ന് പല വിഭാഗങ്ങളായി ചിതറിക്കപ്പെട്ടുകഴിഞ്ഞു. പൊതുകാര്യങ്ങളില്‍പോലും അടുക്കാന്‍ കഴിയാത്തവിധത്തില്‍ കഴിയുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഒന്നിക്കാന്‍കഴിഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയശക്തിയായി മാറാന്‍ കഴിയും.

ടോണി ചിറ്റിലപ്പിള്ളി

 

Latest News