പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂവ് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് പോക്സോ നിയമപ്രകാരമുള്ള കുറ്റമാകാമെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥിനിയോട് പൂക്കള്‍ സ്വീകരിക്കാന്‍ പൊതു മധ്യത്തില്‍ വെച്ച് അധ്യാപകന്‍ നിര്‍ബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു
എന്നിരുന്നാലും കുറ്റാരോപിതനായ അധ്യാപകന്റെ സ്ഥാനമാനങ്ങളെ ഇത് ബാധിക്കാനിടയുള്ളതിനാല്‍ തെളിവുകള്‍ കര്‍ശനമായി പരിശോധിക്കുന്നതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പെണ്‍കുട്ടിയെ ഉപയോഗിച്ച് അധ്യാപകനെ പ്രതിയാക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ അധ്യാപകനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച തമിഴ്നാട് വിചാരണ കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, സന്ദീപ് മേഹ്ത, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
കേസില്‍ അധ്യാപകന്റെ നിലയും വിലയും അപകടത്തിലാകുന്നത് കണക്കിലെടുത്ത് ശിക്ഷ റദ്ദാക്കി. അതേസമയം,ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ കൃത്യമായി വിധി പറയേണ്ടതിന്റെ ആവശ്യകത ബെഞ്ച് ഊന്നിപ്പറഞ്ഞു. ‘ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയിലുണ്ടാക്കാന്‍ സാധ്യതയുള്ള വലിയ ഭീഷണികളെ മുന്നില്‍ക്കണ്ട് അധ്യാപകന് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകന്‍ ഉപദ്രവിക്കുന്ന പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്,’ കോടതി ചൂണ്ടിക്കാട്ടി.