ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നയതന്ത്ര തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ത്യ-കാനഡ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും വാഷിങ്ടണില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
ഇന്ത്യയുമായി തുടരുന്ന തര്‍ക്കം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യ-കാനഡ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത സ്ഥരീകരിച്ചിട്ടില്ല.
അതേസമയം, കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തിന് പിന്നാലെ 30 നയതന്ത്ര ഉദ്യോഗസ്ഥരെ ക്വാലാലംപൂരിലേക്കോ സിംഗപ്പൂരിലേക്കോ കാനഡ സ്ഥലം മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.