അബു മുഹമ്മദ് അൽ ജോലാനി എന്നറിയപ്പെട്ടിരുന്ന മുൻ അൽ ഖ്വയ്ദ അംഗം അഹ്മദ് അൽ-ഷറയെ ഒരു പ്രത്യേക കാലയളവിലേക്ക് സിറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. “പരിവർത്തന കാലയളവിൽ കമാൻഡർ അഹ്മദ് അൽ-ഷറയെ രാഷ്ട്രത്തലവനായി നിയമിച്ചതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു. അദ്ദേഹം സിറിയൻ അറബ് റിപ്പബ്ലിക്ക് പ്രസിഡന്റിന്റെ ചുമതലകൾ ഏറ്റെടുക്കുകയും അന്താരാഷ്ട്ര ഫോറങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്യും” – സിറിയൻ മിലിട്ടറി ഓപ്പറേഷൻസ് കമാൻഡിന്റെ വക്താവ് കമാൻഡർ ഹസൻ അബ്ദുൽ ഗനി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “പരിവർത്തന ഘട്ടത്തിനായി ഒരു താൽകാലിക നിയമനിർമ്മാണ കൗൺസിൽ രൂപീകരിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. അത് സ്ഥിരമായ ഒരു ഭരണഘടന നടപ്പാക്കുകയും പ്രാബല്യത്തിൽ വരുന്നതുവരെ അതിന്റെ ചുമതലകൾ നിർവഹിക്കുകയും ചെയ്യും” – ഘാനി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഭരണഘടന സസ്പെൻഡ് ചെയ്യുക, രാജ്യത്തിന്റെ പാർലമെന്റ് പിരിച്ചുവിടുക, മുൻ ഭരണകൂടത്തിന്റെ സൈന്യത്തെയും അതിന്റെ ബാത്ത് പാർട്ടിയെയും പിരിച്ചുവിടുക എന്നിവ ഉൾപ്പെടെ നിരവധി പ്രമേയങ്ങളും കമാൻഡ് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി അധികാരത്തിലിരുന്ന സിറിയൻ ഏകാധിപതി ബഷാർ അൽ അസദിനെ കഴിഞ്ഞ വർഷം അട്ടിമറിക്കുന്നതിനു കാരണമായ മിന്നൽ ആക്രമണത്തിന് നേതൃത്വം നൽകിയ പ്രധാന തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായിരുന്നു അൽ-ഷറ.
യു. എൻ. പറയുന്നതനുസരിച്ച്, മൂന്നുലക്ഷത്തിലധികം ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത ഒരു ദശാബ്ദത്തിലേറെയുള്ള ആഭ്യന്തരയുദ്ധത്താൽ തകർന്ന ഒരു രാജ്യത്തെ പുനർനിർമ്മിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല. 2011 ലെ അറബ് വസന്തകാലത്ത് അസദ് ഭരണകൂടം ഒരു ജനാധിപത്യ അനുകൂല പ്രക്ഷോഭത്തെ അടിച്ചമർത്തുകയും താമസിയാതെ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്കു നീങ്ങുകയും ചെയ്തപ്പോൾ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സൗദി അറേബ്യ, ഇറാൻ, യു. എസ്., റഷ്യ തുടങ്ങിയ പ്രാദേശിക ശക്തികളെ ആകർഷിക്കുകയും ഐ. എസിനെ രാജ്യത്ത് കാലുറപ്പിക്കാൻപോലും പ്രാപ്തരാക്കുകയും ചെയ്തു.
ആരാണ് അഹമ്മദ് അൽ-ഷറ?
2003 ലെ വസന്തകാലത്ത് അമേരിക്കക്കാർ രാജ്യം ആക്രമിച്ചപ്പോൾ അവരോട് യുദ്ധം ചെയ്യാൻ ഇറാഖിലേക്കു കടന്ന അൽ-ഷറ, തന്റെ ഇരുപതുകളുടെ തുടക്കത്തിൽ ഒരു സിറിയൻ ‘വിദേശപോരാളി’ ആയിത്തീർന്നു. അത് ഒടുവിൽ അദ്ദേഹത്തെ അമേരിക്കയുടെ കുപ്രസിദ്ധമായ ഇറാഖി ജയിലായ ക്യാമ്പ് ബുക്കയിൽ എത്തിച്ചു.
ക്യാമ്പ് ബുക്കയിൽനിന്ന് മോചിതനായ അദ്ദേഹം സിറിയയിലേക്കു മടങ്ങുകയും ബാത്തിസ്റ്റ് അസദ് ഭരണകൂടത്തിനെതിരെ പോരാടുകയും ചെയ്തു. അബുബക്കർ അൽ-ബാഗ്ദാദിയുടെ പിന്തുണയും അൽ- ഷറയ്ക്കുണ്ടായിരുന്നു. സിറിയയിൽ, ജബത്ത് അൽ-നുസ്ര (ഇംഗ്ലീഷിൽ വിജയമുന്നണി) എന്നപേരിൽ അറിയപ്പെടുന്ന ഒരു തീവ്രവാദസംഘം അദ്ദേഹം സ്ഥാപിച്ചു. അത് അൽ ഖ്വയ്ദയോട് കൂറുപുലർത്തുന്ന ഒന്നായി. എന്നാൽ 2016 ൽ അദ്ദേഹം തീവ്രവാദ ഗ്രൂപ്പിൽനിന്ന് വേർപിരിഞ്ഞതായി യു. എസ്. സെന്റർ ഫോർ നേവൽ അറിയിച്ചു.
അതിനുശേഷം – ഒരു ക്വിക്സോട്ടിക് ആഗോള വിശുദ്ധയുദ്ധം പ്രോത്സാഹിപ്പിച്ച അൽ ഖ്വയ്ദയിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ എച്ച്. റ്റി. എസ്. (ഹയാത്ത് തഹ്‌രീർ അൽ-ഷാം) എന്നപേരിൽ അറിയപ്പെടുന്ന അൽ-ഷറയുടെ ഗ്രൂപ്പ് വടക്കുപടിഞ്ഞാറൻ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.