മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) മിലാനില്‍ അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് സാൻ റഫേൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലൈംഗിക-അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ബെർലുസ്കോണിയുടെ അന്ത്യം.
ലുക്കീമിയ ചികിത്സയ്ക്കു വേണ്ടി ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു പുറമേ ഹൃദ്രോഗം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയും ബെർലുസ്കോണിയെ അലട്ടിയിരുന്നു. 2020ൽ രണ്ടു തവണ കോവിഡ് ബാധിതനുമായി.
1994-ൽ ആദ്യമായി അധികാരത്തിൽ വന്ന ബെർലുസ്കോണി 2011 വരെയുള്ള നാല് സർക്കാരുകളെ നയിച്ചിരുന്നു. ശതകോടീശ്വരനായ മാധ്യമ വ്യവസായി കൂടിയായിരുന്നു ബെർലുസ്‌കോണി. 1986 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ എസി മിലാന്‍ ഫുഡ്ബോള്‍ ക്ലബും ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു. ദീര്‍ഘകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം 2019 ല്‍ തിരിച്ചവന്നെങ്കിലും പാര്‍ലമെന്‍റില്‍ ഒരു സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2022 ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുമായി സഖ്യത്തിലേർപ്പെട്ട് കഴിഞ്ഞ വർഷം സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.