Monday, April 21, 2025

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ അക്രമിയുടെ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.

പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രചാരണ യോഗത്തിനിടെയായിരുന്നു സംഭവം. സ്റ്റേജിന് പുറകില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ ജാപ്പനീസ് അംബാസിഡറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു.

ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് കൊല്ലപ്പെട്ട ഷിന്‍സോ ആബേ. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഷിന്‍സോ ആബെ 1993ല്‍ ജപ്പാനിലെ പാര്‍ലമെന്റിന്റെ ഭാഗമായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ജപ്പാനില്‍ 2006-07 കാലയളവിലും 2021-20 സമയത്തുമായിരുന്നു പ്രധാനമന്ത്രിയായിരുന്നത്. ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം.  ജപ്പാനെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ച ‘അബെനോമിക്സ്’ എന്ന് വിളിക്കപ്പെടുന്ന സാമ്പത്തിക നയങ്ങള്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ഷിന്‍സോ ആബെ പുലര്‍ത്തിയിരുന്നത്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിന്‍സോയുമായി സൗഹൃദത്തിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ നിരവധി ജപ്പാന്‍ കമ്പനികള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 2014ല്‍ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധിതിയുള്‍പ്പെടെ ഇന്ത്യയുടെ നിരവധി സുപ്രധാന വികസന ലക്ഷ്യങ്ങളില്‍ ജപ്പാന്‍ പിന്നീട് പങ്കാളിയാകുകയും ചെയ്തു. ഇന്ത്യയുടെ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കിയും ഷിന്‍സോ ആബെയെ രാജ്യം ആദരിച്ചിട്ടുണ്ട്. നേതാജി റിസര്‍ച്ച് ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് ആബെയ്ക്കായിരുന്നു ഇന്ത്യ സമ്മാനിച്ചത്.

Latest News