മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭ മുന്‍ സ്പീക്കറും ആയ മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് ശിവജി പാര്‍ക്കില്‍ നടക്കും.
1995-1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു മനോഹര്‍ ജോഷി. ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയുമാണ്. 1999ല്‍ ശിവസേന ടിക്കറ്റില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് എംപിയായി. 2002-2004 കാലത്ത് ലോക്‌സഭ സ്പീക്കറായി.
1937 ഡിസംബര്‍ 2ന് മഹാരാഷ്ട്രയിലെ റയിഗാദ് ജില്ലയിലെ നാന്ത്‌വിയിലാണ് മനോഹര്‍ ജോഷി ജനിച്ചത്. അധ്യാപകനായി ജോലി നോക്കുന്നതിനിടെ 1967ലാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 40 വര്‍ഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. മുംബൈ മുനിസിപ്പല്‍ കൗണ്‍സിലര്‍, മുംബൈ മേയര്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.