തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനിക അട്ടിമറിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ട് 15 വർഷത്തിന് ശേഷമാണ് മുൻ പ്രധാനമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഷിനവത്രയെ അഴിമതി കുറ്റം ചൂണ്ടിക്കാട്ടി കോടതി തടവിന് ശിക്ഷിച്ചു.
ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. എയർപോർട്ട് ടെർമിനലിൽ നിന്ന് പുറത്തുവന്ന് രാജാവിന്റെയും രാജ്ഞിയുടെയും ഛായാചിത്രത്തിന് ആദരമർപ്പിച്ചു. പിന്നാലെയെത്തിയ പൊലീസ് ഷിനവത്രയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും എട്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു. അദ്ദേഹത്തെ ബാങ്കോക്ക് ജയിലിലേക്ക് മാറ്റി.
അതേസമയം, അധികാര ദുർവിനിയോഗവും ക്രിമിനൽ കുറ്റങ്ങളുമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയതെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷിനവത്രയുടെ ആരോപണം.