ഒരുകാലത്ത് ഗറില്ലയും പിന്നീട് ഉറുഗ്വേയുടെ പ്രസിഡന്റുമായിരുന്ന ഹോസേ മുഹീക്ക (89) അന്തരിച്ചു. ഒരു തകർന്ന ഫോക്സ്വാഗൺ ഓടിക്കുകയും വളരെ ലളിതമായ ജീവിതരീതി പിന്തുടരുകയും ചെയ്ത്, പുരോഗമന പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്ത മുജിക്കയുടെ പ്രശസ്തി തെക്കേ അമേരിക്കയ്ക്ക് അപ്പുറത്തേക്ക് വരെ വ്യാപിച്ചിരുന്നു.
ഉറുഗ്വേക്കാർക്ക് ‘പെപ്പെ’ എന്ന വിളിപ്പേരിലാണ് മുഹീക്ക അറിയപ്പെട്ടിരുന്നത്. ചെറുകിട കാർഷിക രാജ്യത്തിന്റെ ഇടതുപക്ഷ സർക്കാരിനെ 2010 മുതൽ 2015 വരെ അദ്ദേഹം നയിച്ചു. “ഞങ്ങളുടെ സഖാവ് പെപ്പെയുടെ മരണം അഗാധമായ ദുഃഖത്തോടെയാണ് അറിയിക്കുന്നത്,” പ്രസിഡന്റ് യമണ്ടു ഒർസി, എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. “നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും നിങ്ങളുടെ ജനങ്ങളോടുള്ള ആഴമായ സ്നേഹത്തിനും നന്ദി.” നേതാവിന്റെ മരണകാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും അദ്ദേഹം അന്നനാളത്തിൽ അർബുദബാധിതനായിരുന്നു എന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.
പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഹീക്ക അന്ന് ഒരു മുൻനിര ലിബറൽ നിലപാടാണ് പ്രസിഡന്റ് എന്ന നിലയിൽ സ്വീകരിച്ചിരുന്നത്. സ്വവർഗ വിവാഹവും, ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ തന്നെ ഗർഭഛിദ്രവും അനുവദിക്കുന്ന ഒരു നിയമത്തിൽ അദ്ദേഹം ഒപ്പുവച്ചു. കഞ്ചാവ് വിൽപ്പന നിയമവിധേയമാക്കാനുള്ള നിർദ്ദേശത്തെയും അദ്ദേഹം പിന്തുണച്ചു. കത്തോലിക്കാ ലാറ്റിൻ അമേരിക്കയ്ക്ക് സ്വവർഗ വിവാഹവും ഗർഭഛിദ്ര നടപടികളും ഒരു വലിയ മാറ്റമായിരുന്നു. കഞ്ചാവിനെതിരായ നീക്കം അക്കാലത്ത് ലോകമെമ്പാടും അഭൂതപൂർവമായിരുന്നു.