നോബൽ സമ്മാനജേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. കാൻസർ രോഗബാധയുമായി പോരാടിയിരുന്ന അദ്ദേഹം തന്റെ നൂറാം വയസ്സിലാണ് മരണമടഞ്ഞത്. അമേരിക്കയുടെ മുപ്പത്തിയൊമ്പതാമത്തെ പ്രസിഡന്റായിട്ടായിരുന്നു അദ്ദേഹം ചുമതലയേറ്റത്.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യു. എസ്. പ്രസിഡന്റായിരുന്നു. പ്രസിഡന്റ് പദവിയിൽനിന്നും മാറിയതിനുശേഷവും ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു. 100 വയസ്സുവരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമാണ്.
ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു പുറമെ അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ മികവ് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. സമാധാനപരമായ പ്രശ്നപരിഹാരത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ കൂടി കണക്കിലെടുത്താണ് 2002 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിനു ലഭിക്കുന്നത്.