ഈജിപ്തിന്റെ ചെങ്കടൽ തീരത്ത് മുങ്ങിപ്പോയ ടൂറിസ്റ്റ് ബോട്ടിൽനിന്ന് ചൊവ്വാഴ്ച നാല് മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ ഏഴുപേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്ന് ചെങ്കടൽ ഗവർണറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ബെൽജിയൻ വിനോദസഞ്ചാരികൾ, ഒരു സ്വിസ്, ഒരു ഫിൻ, ഒരു ഈജിപ്ഷ്യൻ എന്നിങ്ങനെ അഞ്ചുപേരെ രക്ഷാസംഘങ്ങൾ രക്ഷപെടുത്തിയതായി പ്രവിശ്യാ ഗവർണർ അംർ ഹനഫി പറഞ്ഞു.
നിരവധി ദിവസത്തെ ഡൈവിംഗ് യാത്രയിൽ 31 വിനോദസഞ്ചാരികളും 13 ജീവനക്കാരുമായി പോയ ‘സീ സ്റ്റോറി’ എന്ന ബോട്ടാണ് തിങ്കളാഴ്ച സത്യ റീഫിനു സമീപം മുങ്ങിയത്. മോശം കാലാവസ്ഥയെ തുടർന്നുണ്ടായ കനത്ത തിരമാലയിൽ ബോട്ട് തകർന്നു മുങ്ങുകയായിരുന്നു. 28 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. സഹായവും മറ്റു രേഖകളും നൽകാൻ എംബസികളുമായി അധികൃതർ പ്രവർത്തിക്കുന്ന മാർസ ആലമിലെ ഒരു ഹോട്ടലിലാണ് അവർ താമസിക്കുന്നത്.
സാങ്കേതികപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മാർച്ച് മാസത്തിൽ ബോട്ടിനു നടത്തിയ അവസാന സുരക്ഷാ പരിശോധനയിൽ വിജയിച്ചതായി ഹനഫി പറഞ്ഞു. ഒരു ഈജിപ്ഷ്യൻ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പലിന് 34 മീറ്റർ നീളമുണ്ടായിരുന്നു. മാരിടൈം സേഫ്റ്റി അതോറിറ്റിയിൽനിന്ന് ഒരു വർഷത്തെ സുരക്ഷാ സർട്ടിഫിക്കറ്റും ഈ ബോട്ടിനു ലഭിച്ചിരുന്നു.
ഈ വർഷം ഈ പ്രദേശത്ത് മുങ്ങിയ രണ്ടാമത്തെ ബോട്ടാണ് ദി സീ സ്റ്റോറി. ജൂണിൽ ശക്തമായ തിരമാലകളിൽ ഒരു കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പവിഴപ്പുറ്റുകൾക്കും സമുദ്രജീവികൾക്കും പേരുകേട്ട ചെങ്കടൽ ഈജിപ്തിലെ ടൂറിസം വ്യവസായത്തിന്റെ പ്രധാനകേന്ദ്രമാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായകപങ്ക് വഹിക്കുന്നു.