മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഈ വർഷം ആദ്യം ചൈനയിൽ നാല് കനേഡിയൻ പൗരന്മാരെ വധശിക്ഷയ്ക്കു വിധേയരാക്കിയതായി സ്ഥിരീകരിച്ച് കനേഡിയൻ അധികൃതർ. ഇവരെല്ലാം ഇരട്ട പൗരത്വമുള്ളവരാണെന്നും അവരുടെ കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം ഐഡന്റിറ്റി മറച്ചുവച്ചിരിക്കുകയാണെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൂടാതെ, കൊലപാതകങ്ങൾ പിൻവലിക്കാനോ, റദ്ദ് ചെയ്യാനോ ആകാത്തതാണെന്നും അടിസ്ഥാന മാനുഷിക അന്തസ്സിനു നിരക്കാത്തതുമാണെന്നും വ്യക്തിപരമായി ക്ഷമ ചോദിക്കുന്നതായും കാനഡയുടെ വിദേശകാര്യ മന്ത്രി അറിയിച്ചു.
കനേഡിയൻ പൗരന്മാരുടെ കുറ്റകൃത്യങ്ങൾക്കുള്ള തെളിവുകൾ ശക്തവും പര്യാപ്തവുമാണെന്ന് കാനഡയിലെ ചൈനീസ് എംബസിയുടെ വക്താവ് പറഞ്ഞു. ബന്ധപ്പെട്ട കനേഡിയൻ പൗരന്മാരുടെ അവകാശങ്ങളും താൽപര്യങ്ങളും ബീജിംഗ് പൂർണ്ണമായും ഉറപ്പുനൽകിയിട്ടുണ്ട്. ചൈനയുടെ ജുഡീഷ്യൽ പരമാധികാരത്തെ മാനിക്കാൻ കനേഡിയൻ സർക്കാരിനോട് അഭ്യർഥിച്ചുവെന്നും ചൈനീസ് എംബസി കൂട്ടിച്ചേർത്തു.
ചൈന ഇരട്ടപൗരത്വം അംഗീകരിക്കുന്നില്ല, മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ കർശനമായ നിലപാട് സ്വീകരിക്കുന്നു. മാസങ്ങളായി കേസുകൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വധശിക്ഷ റദ്ദ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു.
മയക്കുമരുന്ന്, അഴിമതി, ചാരവൃത്തി എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ചൈന വധശിക്ഷ വിധിക്കുന്നുണ്ട്. എന്നാൽ വധശിക്ഷകളുടെ എണ്ണം രഹസ്യമായി സൂക്ഷിക്കുമ്പോഴും ലോകത്തിലെ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കുകളിൽ ചൈന ഒന്നാമതാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിശ്വസിക്കുന്നു. എന്നിരുന്നാലും, വിദേശികൾക്ക് വധശിക്ഷ നടപ്പാക്കുന്നത് അപൂർവമാണ്.