Thursday, May 1, 2025

കോൺക്ലേവിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് നാല് കർദിനാൾമാർ

പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ അർഹതയുള്ള കർദിനാൾന്മാരുടെ എണ്ണം 135 ആണ്; ഇവരിൽ നാലുപേർ ഇന്ത്യക്കാരാണ്. അതേസമയം 135 പേരിൽ രണ്ടുപേർ ആരോഗ്യപരമായ കാരണങ്ങളാൽ ഈ കോൺക്ലേവിൽ പങ്കെടുക്കില്ല. കർദിനാൾ സംഘത്തിലെ ആകെ എണ്ണം 252 ആണ്. ഇവരിൽ 117 പേർ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാകയാൽ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഇവർക്കില്ല.

മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പായ മാർ ബസേലിയോസ് ക്ലീമിസ്, മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പെ നേരി അന്തോണിയൊ സെബസ്ത്യാവൊ ദൊ റോസാരിയൊ ഫറാവൊ, കർദിനാൾ അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യക്കാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർക്ക് 80 വയസ്സ് കഴിഞ്ഞതിനാൽ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഇല്ല.

വോട്ടവകാശമുള്ള ഈ 135 കർദിനാളാന്മാരിൽ ഏറ്റവും കൂടുതൽ യൂറോപ്പിൽ നിന്നുള്ളവരാണ്; 53 കർദിനാളാന്മാർ. വടക്കെ അമേരിക്കയിൽ നിന്ന് 16, മധ്യ അമേരിക്കയിൽ നിന്ന് 4, തെക്കെ അമേരിക്കയിൽ നിന്ന് 17 ഉൾപ്പടെ അമേരിക്ക ഭൂഖണ്ഡത്തിൽ നിന്ന് 37 കർദിനാളന്മാർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള ഏഷ്യക്കാരായ കർദിനാളന്മാരുടെ എണ്ണം 23, ആഫ്രിക്കൻ കർദിനാളന്മാർ 18, ഓഷ്യനക്കാർ നാല് എന്നിങ്ങനെയാണ്.

135 പേർക്ക് വോട്ടവകാശമുണ്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ  രണ്ടുപേർ കോൺക്ലേവിൽ ഉണ്ടാകില്ല. അതിനാൽ 133 പേരായിരിക്കും പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ടു ചെയ്യുക. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായാൽ മാത്രമേ സിസ്റ്റയിൻ ചാപ്പലിൽ നിന്ന് തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടയാളമായ വെളുത്ത പുക ഉയരുകയുള്ളൂ.

ഈ കർദിനാളന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഓസ്ട്രേലിയയിൽ നിന്നുള്ള കർദിനാൾ മിക്കോള ബൈചോക് ആണ്; 45 വയസ്സ്. ഏറ്റവും പ്രായം കൂടിയ കർദിനാൾ സ്പെയിൻ സ്വദേശിയായ 79 വയസ്സുള്ള കാർലോസ് ഒസോറൊ സീയെറയും. മെയ് ഏഴിനാണ് കോൺക്ലേവിനു തുടക്കമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News