Sunday, November 24, 2024

ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. സനീന്‍ കത്തോലിക്കാ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന സെന്റ് പാട്രിക്‌സ് മിഷനറി സൊസൈറ്റി അംഗം ഫാ. വില്യം ബാന്‍ഡ, ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വെച്ച് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

സാംബിയന്‍ സ്വദേശിയായ ബാന്‍ഡ, 2015 മുതല്‍ സഹവികാരിയായി സേവനമനുഷ്ടിക്കുകയാണ്. കൊല്ലപ്പെട്ട വൈദികന്‍ രാവിലെ കുര്‍ബാനയ്ക്കു മുന്‍പുള്ള പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. ഈ സമയം വൈദികനടുത്ത് ഇരുന്ന അപരിചിതനായ വ്യക്തിയെ പള്ളിയില്‍ കുര്‍ബാനയ്ക്കായി എത്തിയ വിശ്വാസികള്‍ ശ്രദ്ധിച്ചിരുന്നു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി പോയപ്പോള്‍ ആ വ്യക്തിയും അദ്ദേഹത്തിന് ഒപ്പം പോയി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേയ്ക്ക് കയറുന്നതിനു മുന്‍പ് ഫാ. ബാന്‍ഡയെ തള്ളിയിട്ട ആക്രമി അദ്ദേഹത്തിന്റെ കഴുത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം അയാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ടു എന്നും വിശ്വാസികള്‍ വെളിപ്പെടുത്തി. പോലീസ് അനേഷണം ആരംഭിച്ചിരിക്കുകയാണ്.

ഈജിപ്തുകാരായ മൂന്ന് വൈദികരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരെ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട വൈദികര്‍. തക്ല മൂസ എല്‍ സാമുവേലി (70), യുസ്‌തോസ് ആവാ മാര്‍ക്കോസ് (40), മിനാ ആവാ മാര്‍ക്കോസ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു വൈദികന് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് പിടികൂടി. 35കാരനാണ് പ്രതിയെന്നും എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

 

Latest News