വത്തിക്കാനിലെത്തുന്ന തീർഥാടകരെയും വിനോദസഞ്ചാരികളെയും ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരിടമാണ് സിസ്റ്റൈൻ ചാപ്പൽ. നാളെ മുതൽ ആരംഭിക്കുന്ന, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് കൂടുന്നതും ഈ ചാപ്പലിൽ വച്ചാണ്. ഇതുകൂടാതെ, കൗതുകങ്ങൾ ഏറെ ഒളിപ്പിച്ച സിസ്റ്റൈൻ ചാപ്പലിനെക്കുറിച്ചു വായിച്ചറിയാം.
1. സിസ്റ്റൈൻ ചാപ്പൽ എന്ന പേര് വന്നത് എങ്ങനെയാണ്?
1471 മുതൽ 1484 വരെ മാർപാപ്പയായിരുന്ന സിക്‌സ്റ്റസ് നാലാമൻ മാർപാപ്പയാണ് ‘സിസ്റ്റൈൻ ചാപ്പൽ’ എന്ന പേര് ഈ ദൈവാലയത്തിനു നൽകിയത്. 1483 ആഗസ്റ്റ് 15 ന് സിക്‌സ്റ്റസ് നാലാമൻ മാർപാപ്പ സിസ്റ്റൈൻ ചാപ്പലിൽ സ്വർഗാരോപിതയായ പരിശുദ്ധ മറിയത്തിന്റെ തിരുനാളിൽ ആദ്യത്തെ കുർബാന അർപ്പിച്ചു. ആ ചടങ്ങിലായിരുന്നു സിസ്റ്റൈൻ ചാപ്പൽ പരിശുദ്ധ കന്യാമറിയത്തിനു സമർപ്പിച്ചത്.
2. സിസ്റ്റൈൻ ചാപ്പലിലെ ചുമർചിത്രങ്ങൾ
സിസ്റ്റൈൻ ചാപ്പലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കലാകാരൻ മൈക്കിൾ ആഞ്ചെലോ ആയിരുന്നെങ്കിലും ഈ ദൈവാലയത്തിന്റെ നിർമ്മാണ കാലഘട്ടങ്ങളുടെ ആരംഭത്തിൽ പ്രശസ്ത ചിത്രകാരന്മാരായ സാൻഡ്രോ ബോട്ടിസെല്ലി, പിയട്രോ പെറുഗിനോ, പിന്റുറിച്ചിയോ, ഡൊമെനിക്കോ ഗിർലാൻഡയോ, കോസിമോ റോസെല്ലി എന്നിവരടങ്ങുന്ന സംഘമാണ് മോശയുടെയും ക്രിസ്തുവിന്റെയും ജീവിതങ്ങളെ ചിത്രീകരിക്കുന്ന ചുമർചിത്രങ്ങൾ തയ്യാറാക്കിയിരുന്നത്. അവർ ചാപ്പലിന്റെ ജോലി ആരംഭിച്ച് വർഷങ്ങൾക്കു ശേഷമാണ് ജൂലിയസ് രണ്ടാമൻ മാർപാപ്പ മൈക്കലാഞ്ചലോയെ ചുമതലപ്പെടുത്തുന്നത്. അങ്ങനെയാണ് ലോകശ്രദ്ധ നേടിയ ‘ആദത്തിന്റെ സൃഷ്ടി’ ചിത്രീകരിക്കപ്പെടുന്നത്. ദൈവത്തെ മാലാഖമാരാൽ ചുറ്റപ്പെട്ട ഒരു മനുഷ്യസാദൃശ്യത്തോടു ബന്ധപ്പെടുത്തിയാണ് ഈ ചിത്രീകരണം.
3. മൈക്കലാഞ്ചലോയുടെ സൃഷ്ടികൾ
‘ആദത്തിന്റെ സൃഷ്ടി’ കേന്ദ്രമാക്കി ഉൽപത്തി പുസ്തകത്തിലെ വ്യത്യസ്ത കഥകളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ പല ഗ്രൂപ്പുകളായി തിരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. അന്ത്യവിധിയുടെ ചിത്രവും ഇതിൽ ഏറെ ശ്രദ്ധേയമാണ്.
4. സിസ്റ്റൈൻ ചാപ്പലും ശരീരത്തിന്റെ ദൈവശാസ്ത്രവും
സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കുമ്പോൾ അവിടെ ചിത്രീകരിച്ചിരിക്കുന്ന ചുമർചിത്രങ്ങളിൽ നിരവധി നഗ്നരൂപങ്ങൾ കണ്ട് ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1994 ഏപ്രിൽ എട്ടിന് ഒരു ദിവ്യബലിമധ്യേ ‘മനുഷ്യശരീരത്തിന്റെ ദൈവശാസ്ത്രസങ്കേതം’ എന്നാണ് സിസ്റ്റൈൻ ചാപ്പലിനെ വിശേഷിപ്പിച്ചത്.