ലോകത്തിലെ ഏറ്റവും മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ ഭക്ഷണങ്ങൾ ഇടം നേടി. ഓൺലൈൻ ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട പട്ടികയിലാണ് നാല് ഇന്ത്യന്‍ വിഭവങ്ങള്‍ ഇടം പിടിച്ചത്. ഇറാനിയൻ വിഭവമായ ജുജെ കബാബ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
പരമ്പരാഗത ഭക്ഷണം, ആധികാരിക പാചകക്കുറിപ്പുകൾ, ഭക്ഷ്യനിരൂപക അവലോകനങ്ങൾ, ഗവേഷണ ലേഖനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഓൺലൈൻ ട്രാവൽ ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്. ഇവര്‍ തയ്യാറാക്കിയ പട്ടികയിലാണ് ആഗോളതലത്തിലെ ഏറ്റവും മികച്ച 50 ചിക്കന്‍ വിഭവങ്ങളില്‍ നാല് സ്ഥാനങ്ങള്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് ലഭിച്ചത്. ടേസ്റ്റ് അറ്റ്ലസ് റാങ്ക് ചെയ്യപ്പെട്ട പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ വിഭവങ്ങളില്‍ മൂന്നാം സ്ഥാനത്ത് മുർഗ് മഖാനിയും, നാലാം സ്ഥാനത്ത് മുർഗ് ടിക്കയുമാണ്. പിന്നാലെ 19-ാം സ്ഥാനത്ത് തന്തൂരി മുർഗ്, 25-ാം സ്ഥാനത്ത് ചിക്കൻ 65 എന്നീ വിഭവങ്ങളും ഇടം പിടിച്ചു. ദക്ഷിണ കൊറിയയുടെ ഡാക് ഗാൽബിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്ത്യൻ ഭക്ഷണത്തിന് ഒരു വലിയ വൈവിധ്യമുണ്ടെന്നും അത് പൂർണ്ണമായി പര്യവേഷണം ചെയ്യാൻ വർഷങ്ങളെടുക്കുമെന്നും ടേസ്റ്റ് അറ്റ്ലസ് പറയുന്നു. ഇന്ത്യയിലെ ഓരോ പച്ചക്കറിയും മാംസവും നൂറ് വ്യത്യസ്തരീതികളിൽ ഉപയോഗിക്കാം. കൂടാതെ, രുചിക്കൂട്ടുകളായ മസാലകള്‍ ഒരോ വിഭവത്തിന്റെയും രുചി പൂർണ്ണമായും മാറ്റുന്നതായും ടേസ്റ്റ് അറ്റ്ലസ് വ്യക്തമാക്കി.