ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ നാലുപേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ടിബറ്റുമായി അതിർത്തി പങ്കിടുന്ന മന ഗ്രാമത്തിൽ വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തിൽ റോഡ് നിർമ്മാണ തൊഴിലാളികൾ മുങ്ങിപ്പോയതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഞ്ഞിനടിയിൽ കുടുങ്ങിപ്പോയ അമ്പതോളം പേരെ രക്ഷപെടുത്തിയെങ്കിലും നാലുപേർ മരിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഹിമാലയൻ പർവത സംസ്ഥാനത്ത് കാണാതായ അഞ്ചുപേർക്കായി ഹെലികോപ്റ്ററുകൾ തിരച്ചിൽ നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിലുണ്ടായ ഹിമപാതത്തെത്തുടർന്ന് രക്ഷാപ്രവർത്തകർ തുടർച്ചയായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹിമാചൽ പ്രദേശിലെയും ജമ്മു കശ്മീരിലെയും നിരവധി ജില്ലകളിൽ മഞ്ഞുവീഴ്ചയെ തുടർന്ന് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.