Monday, November 25, 2024

ഫാ. സ്റ്റാൻ സ്വാമി – മദനി: ഈ താരതമ്യം അപകടം; അപലപനീയം

*അടിച്ചമര്‍ത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ ഒരു സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ജീവന്‍ പണയം വച്ച് നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയേയും മതമൗലികവാദം നിരന്തരം പ്രഘോഷിച്ച്, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുള്‍ നാസര്‍ മഅദനിയേയും താരതമ്യം ചെയ്യാന്‍ സാധിക്കുന്നതെങ്ങനെ?*

അബ്ദുള്‍ നാസര്‍ മഅദനി…കേരളത്തില്‍ ഒരു കാലത്ത് മുഴങ്ങി കേട്ട ശബ്ദം. പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസിലും കുരുങ്ങി ജയിലിലും ജാമ്യത്തിലുമായി കഴിയുന്നു. ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന മഅദനി കഴിഞ്ഞ ദിവസം തന്റെ ആരോഗ്യാവസ്ഥ വിശദമാക്കി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരോഗ്യം മോശമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ജാമ്യവ്യവസ്ഥയിലെ ഉപാധികള്‍ പ്രകാരം ബംഗളൂരുവിന് പുറത്തേക്ക് പോകാന്‍ അനുമതിയില്ലെന്നും ഇത് ചികിത്സാ സാധ്യതകളെ പരിമിതപ്പെടുത്തുന്നു എന്നെല്ലാമായിരുന്നു വീഡിയോയില്‍ മഅദനി പറഞ്ഞത്. ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കി വിചാരണ തീരുംവരെ കേരളത്തില്‍ ചികിത്സ അനുവദിക്കണമെന്നുള്ള മഅദനിയുടെ അപേക്ഷ ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പിലാണുള്ളത്.

മഅദനിയുടെ വീഡിയോ സന്ദേശം പുറത്തു വന്നതിനു പിന്നാലെ ചില കോണുകളില്‍ നിന്നെല്ലാം മഅദനിയ്ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന രീതിയില്‍ വിലാപങ്ങളുമുണ്ടായി. ഇക്കൂട്ടത്തില്‍ പെരിന്തല്‍മണ്ണ എംഎല്‍എ ആയ നജീബ് കാന്തപുരം നടത്തിയ ഒരു പരാമര്‍ശമാണ് ഈ കുറിപ്പിന് ആധാരം. മാധ്യമം ഡോട്ട് കോം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎല്‍എ പറഞ്ഞത് ഇങ്ങനെയായിരുന്നു..’മഅദനി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകള്‍ക്കപ്പുറം ഇനിയൊരു സ്റ്റാന്‍ സ്വാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം’. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും പറയുകയുണ്ടായി.

മഅദനി ‘നീതിയ്ക്കുവേണ്ടി’ നടത്തുന്ന പോരാട്ടത്തെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? ഈ രണ്ടു പേരും രണ്ട് വ്യത്യസ്ത രീതിയില്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചവരും തികച്ചും വ്യത്യസ്തമായ വിഷയങ്ങളില്‍ അറസ്റ്റ് വരിച്ചവരും രണ്ട് വിധത്തിലുള്ള ന്യായങ്ങളുടെ പേരില്‍ നീതി തേടുന്നവരുമാണ്. ഇക്കാര്യം മനസിലാക്കാന്‍ ഇരുവരുടേയും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഒന്നു കണ്ണോടിച്ചാല്‍ മതിയാവും.

ആരായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി?

റാഞ്ചി പട്ടണത്തിലെ അറിയപ്പെടുന്ന സാമൂഹ്യ- രാഷ്ട്രീയപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മനുഷ്യ നന്മയുടെ ജെസ്യൂട്ട് മുഖമായിരുന്ന ഫാ.സ്റ്റാന്‍ സ്വാമി. സംസ്ഥാനത്തെ ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ജനദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫാ. സ്റ്റാനും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ ശക്തമായ പ്രതികരണങ്ങളേയും പ്രതിഷേധത്തേയും തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതും, നിരവധി വ്യാജ കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. വ്യാജതെളിവുകള്‍ ഉദ്യോഗസ്ഥര്‍ തന്റെ കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് ഫാ. സ്റ്റാന്‍ സ്വാമി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

2020 ഒക്ടോബറില്‍ റാഞ്ചിയിലെ ബഗൈച കാമ്പസില്‍ നിന്ന് ഡല്‍ഹി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത്തിമൂന്ന് വയസുണ്ടായിരുന്നു. അറസ്റ്റിന് മുമ്പ് ശാരീരികാസ്വസ്ഥതകള്‍ പോലും പരിഗണിക്കാതെ മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തെ മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാക്കി.

പാര്‍ക്കിന്‍സന്‍സ് ബാധിതനായിട്ടും മാനുഷിക പരിഗണന ലഭിച്ചില്ല. ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പാത്രങ്ങള്‍ക്കുവേണ്ടി പോലും കോടതിയെ സമീപിക്കേണ്ടിവന്നു. കോവിഡ് ബാധിച്ചപ്പോള്‍ ചികിത്സ ലഭിച്ചില്ല. നില വഷളായിട്ടും ജാമ്യം നിഷേധിക്കപ്പെട്ടു. നിയമയുദ്ധം വഴിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി നേടിയത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും കോവിഡും, കടുത്ത ശ്വാസ തടസവും മൂലം ഗുരുതരാവസ്ഥയിലായ അദ്ദേഹം ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അമേരിക്കന്‍ സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഇതിനോട് കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഇപ്പോഴും മൗനം തുടരുകയാണ്.

ആരാണ് അബ്ദുല്‍ നാസര്‍ മഅദനി?

ആര്‍എസ്എസിനെ ചെറുക്കാന്‍ ഇസ്ലാമിക് സേവാ സംഘ് സ്ഥാപിച്ചാണ് കൊല്ലംകാരനായ മഅദനി ശ്രദ്ധേയനാകുന്നത്. 1990 ല്‍ ആയിരുന്നു ഇത്. ഐഎസ്എസുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ചു നടന്ന മഅദനിയ്ക്ക് നേരെ 1992 ലുണ്ടായ വധശ്രമത്തിനിടെ ഒരു കാല്‍ നഷ്ടമായി.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഐഎസ്എസ് നിരോധിക്കപ്പെട്ടു. മഅദനി അറസ്റ്റിലുമായി. 1993ല്‍ പിഡിപി എന്ന പേരില്‍ മഅദനി സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 1998 ല്‍ 58 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മഅദനിയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. ഒമ്പത് വര്‍ഷം വിചാരണ തടവില്‍ കഴിഞ്ഞു. 2007 ല്‍ ജയില്‍മോചിതനായി. എന്നാല്‍ 2008 ല്‍ ബംഗളൂരുവില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തി 2010 ല്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. 2008 ലെ ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേയ്‌ക്കെത്തിയത് മഅദനിയിലൂടെയായിരുന്നു എന്നും കര്‍ണാടക പോലീസ് കണ്ടെത്തിയിരുന്നു. താന്‍ കുറ്റക്കാരനല്ലെന്ന മഅദനിയുടെ വാദം 2011 ല്‍ കര്‍ണാടക ഹൈക്കോടതി തള്ളി. 2014 മുതല്‍ സുപ്രീംകോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅദനി.

മഅദനിയ്ക്ക് കൂടുതല്‍ ജാമ്യ ഇളവുകള്‍ നല്‍കണമെന്ന വാദം 2020 ല്‍ സുപ്രീം കോടതി തള്ളി. മഅദനിയുടെ ഒട്ടേറെ മതമൗലികവാദ പ്രസംഗങ്ങള്‍ തെളിവുകളായി കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും 2021 ഏപ്രിലില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരാമര്‍ശിച്ചു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ പറഞ്ഞത് മഅ്ദനിയുടെ രോഗങ്ങള്‍ അഭിനയമാണെന്നുമാണ്.

ഈ താരതമ്യം ഉചിതമോ?

അടിച്ചമര്‍ത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ ഒരു സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ജീവന്‍ പണയം വച്ച് നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയേയും മതമൗലികവാദം നിരന്തരം പ്രഘോഷിച്ച്, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുള്‍ നാസര്‍ മഅദനിയേയും താരതമ്യം ചെയ്യാന്‍ സാധിക്കുന്നതെങ്ങനെ? തീവ്രവാദിയെന്നും അപകടകാരിയെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠം പോലും വിശേഷിപ്പിച്ച വ്യക്തിയെ വിശുദ്ധനായ ഒരു വൈദികനുമായി താരതമ്യം ചെയ്യുന്നതിലൂടെ മരണശേഷവും അദ്ദേഹത്തിന് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പേരും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ചൂണ്ടിക്കാട്ടി മഅദനിയേയും നീതിമാനാക്കാനുള്ള ചിലരുടെ ഗൂഢശ്രമം പൊതുസമൂഹവും അധികാരികളും നീതിപീഠവും മുന്‍കൂട്ടി മനസിലാക്കുകയും മുളയിലേ നുള്ളുകയും ചെയ്യേണ്ടതുണ്ട്.

കെ. ജേക്കബ്

 

Latest News