Sunday, November 24, 2024

ഫ്രാന്‍സില്‍ പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിരോധനം

പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തുന്നത് ഫ്രഞ്ച് ഭരണകൂടം നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന വിദേശപൗരന്മാരെ വ്യവസ്ഥാപിതമായി നാടുകടത്താനാണ് തീരുമാനം. ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിനാണ് ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ നടന്ന റാലിയില്‍ 3,000 -ഓളം പേര്‍ പങ്കെടുത്തിരുന്നു. “ഇസ്രായേൽ കൊലപാതകി”, “പലസ്തീൻ വിജയിക്കും” തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയും പാലസ്തീൻ പതാകകൾ വീശിയുമായിരുന്നു പ്രകടനം നടന്നത്. റാലി പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും പത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.

അതേസമയം, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐക്യത്തിന് ആഹ്വാനംചെയ്തു. ഇസ്രയേൽ – ഹമാസ് യുദ്ധത്തെതുടർന്നുണ്ടായ യഹൂദവിരുദ്ധത വർധിക്കുമെന്ന് യൂറോപ്യൻ ഗവൺമെന്റുകൾ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

Latest News