Monday, November 25, 2024

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് സംസ്ഥാനത്ത് തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേരിനു സമാനമായ പേരുകള്‍ ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങള്‍വഴി പരസ്യംനല്‍കി ആളുകളെ പറ്റിക്കുന്നതായി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യല്‍മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്നരീതിയിൽ സോഷ്യല്‍ മീഡിയവഴി പരസ്യങ്ങള്‍ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ഒറ്റനോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.

ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലർത്തുക.

Latest News