ഒരോറ്റ ലോകകപ്പില്‍ എറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ചരിത്രം രചിച്ച ഫ്രഞ്ച് ഇതിഹാസം, ജസ്റ്റ് ഫോണ്ടെയ്ന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഫോണ്ടെയ്ന്‍റെ വിയോഗ വാര്‍ത്ത റെയിംസ് ക്ലബ് പ്രസ്താവനയിലൂടെയാണ് പുറത്തു വിട്ടത്.
1958ല്‍ സ്വീഡനില്‍ വച്ചു നടന്ന ലോകകപ്പില്‍ അവസാന നിമിഷമാണ് ഫോണ്ടെയ്ന് ടീമില്‍ ഇടം ലഭിച്ചത്. ഫ്രഞ്ച് ലീഗിന് പുറത്തു അറിയപ്പെടാത്ത താരമായിരുന്നു അദ്ദേഹം. എന്നാല്‍ ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ ബൂട്ടില്‍ നിന്നു പിറന്ന ഫോണ്ടെയ്ന്‍ മടങ്ങിയത് ഫ്രഞ്ച് സൂപ്പര്‍ താരമായിട്ടായിരുന്നു. 65 വര്‍ഷത്തിനു ശേഷവും മറ്റൊരു താരത്തിനും ഈ റെക്കോഡ് മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.
ലോകകപ്പില്‍ തന്‍റെ ബൂട്ടിന് കേടു വന്നതിനെ തുടര്‍ന്നു സഹതാരത്തിന്‍റെ ബൂട്ടണിഞ്ഞാണ് ചരിത്ര നേട്ടം കൈവരിച്ചതെന്നു ഫോണ്ടെയ്ന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയ ഫോണ്ടെയ്ന്‍, സെമിയില്‍ പെലെയുടെ ബ്രസീലിനു മുന്നിലാണ് കീഴടങ്ങിയത്. ലൂസേഴ്സ് ഫൈനലിലും നാലു ഗോള്‍ ഫോണ്ടെയ്ന്‍ നേടിയിരുന്നു.
1953- 1960 കാലത്ത് ഫ്രാന്‍സിന് വേണ്ടി 21 കളികള്‍ കളിച്ച താരം 30 ഗോളുകള്‍ നേടി. യുഎസ്എം കസബ്ലാങ്ക, നീസ്, റെയിംസ് ക്ലബ്ബുകള്‍ക്കായി ഫോണ്ടെയ്ന്‍ കളിച്ചു. ക്ലബ് കരിയറില്‍ 283 മത്സരങ്ങളില്‍ 259 ഗോളുകളും താരം സ്‌കോര്‍ ചെയ്തു. 1962 ജൂലൈയില്‍ താരം വിരമിച്ചു. കാലിലുണ്ടായ പൊട്ടല്‍ മൂലം കളി അവസാനിപ്പിക്കുമ്പോള്‍ ഫോണ്ടെയ്‌ന് വെറും 28 വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് പരിശീലക വേഷത്തിലെത്തിയ താരം പിഎസ്ജി അടക്കമുള്ള ക്ലബ്ബുകളെ പരിശീലിപ്പിച്ചു.