പ്രധാനമന്ത്രി മൈക്കൽ ബാർനിയർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഭരണപ്രതിസന്ധി നേരിട്ട് ഫ്രഞ്ച് സർക്കാർ. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ദേഹത്തെ നിയമിച്ച് മൂന്ന് മാസത്തിനുശേഷം എം. പി. മാർ അദ്ദേഹത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്യുകയായിരുന്നു.
പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് വോട്ടെടുപ്പിന് തയ്യാറാകാതെ തന്റെ ബജറ്റ് നടപ്പിലാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ ഇദ്ദേഹത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. 1962 നുശേഷം ഇതാദ്യമായാണ് രാജ്യത്തെ സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത്.
വേനൽക്കാലത്തെ ഇടക്കാല തിരഞ്ഞെടുപ്പുകൾ പാർലമെന്റിൽ ഒരു ഗ്രൂപ്പിനും ഭൂരിപക്ഷമില്ലാത്തതിലേക്ക് നയിച്ചതിനെ തുടർന്ന് ഈ അവസ്ഥ ഫ്രാൻസിന്റെ രാഷ്ട്രീയ അസ്ഥിരത വർധിപ്പിക്കും. അവിശ്വാസപ്രമേയം പാസ്സാകാൻ വെറും 288 വോട്ടുകൾ ആവശ്യമായിരുന്ന സാഹചര്യത്തിൽ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത് 331 വോട്ടുകളായിരുന്നു. 574 അംഗ പാർലമെന്റിൽ 331 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തു.
അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനാൽ ബാർനിയർ തന്റെ സർക്കാരിന്റെ രാജി സമർപ്പിക്കാൻ ബാധ്യസ്ഥനാണ്. തന്നെയുമല്ല, അദ്ദേഹത്തിന്റെ പതനത്തിനു കാരണമായ ബജറ്റ് ഇപ്പോൾ പ്രവർത്തനരഹിതവുമാണ്. എന്നാൽ, പ്രസിഡന്റ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കുംവരെ കാവൽ പ്രധാനമന്ത്രിയായി ബാർനിയർ തുടരേണ്ടിവരും.
ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായാണ് ബാർനിയർ തന്റെ എഴുപത്തിമൂന്നാം വയസ്സിൽ അധികാരമേറ്റത്. എന്നാൽ അവിശ്വാസപ്രമേയം പാസ്സായതോടെ അധികാരമേറ്റ് മൂന്നുമാസത്തിനകം ഇദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവരും. ഇതോടെ രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി കൂടിയായി ബാർനിയർ മാറുന്നു.