Thursday, April 10, 2025

പുനരുദ്ധരിച്ച നോട്രെ ഡാം കത്തീഡ്രൽ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

2019 ലെ അഗ്നിബാധയ്ക്കു ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും വീണ്ടും പൊതുജനത്തിനായി തുറന്നു കൊടുക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രെ ഡാം കത്തീഡ്രൽ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനൊപ്പം നടത്തിയ സന്ദർശനം പാരീസ് മേയർ ആൻ ഹിഡാൽഗോ, പാരീസ് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച്, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പൊതുസ്ഥാപനത്തിന്റെ തലവൻ ഫിലിപ്പ് ജോസ്റ്റ് എന്നിവർ തമ്മിലുള്ള ഹ്രസ്വ കൂടിക്കാഴ്ചയോടെയാണ് ആരംഭിച്ചത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തോടൊപ്പം ലോകം ഉറ്റുനോക്കുന്നതും ഈ ദൈവാലയത്തിലേക്കാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം ഡിസംബറിൽ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, എന്തൊക്കെ മാറ്റങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളുമാണ് നടന്നതെന്നതിന്റെ ആദ്യ കാഴ്ചയാകും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ലഭിക്കുക.

കത്തീഡ്രലിന്റെ മധ്യഭാഗം വളരെ മനോഹരമായിരിക്കുന്നു എന്ന് മാക്രോൺ വിശേഷിപ്പിച്ചു. ഇത് നാലാം തവണയാണ് മധ്യഭാഗം പുനർനിർമ്മിക്കുന്നത്. ആദ്യമായി 1182-ൽ അതിന്റെ പ്രാരംഭ നിർമ്മാണത്തിനിടയിലും പിന്നീട് 1738-ലും പത്തൊൻപതാം നൂറ്റാണ്ടിൽ ആർക്കിടെക്റ്റ് വയോലെ-ലെ-ഡക്കിന്റെ മേൽനോട്ടത്തിലും ഇത് പുനർനിർമ്മിച്ചിരുന്നു. കൂടാതെ തീപിടിത്തത്തിൽ തകർന്ന, പതിനാലാം നൂറ്റാണ്ടിൽ ആദ്യമായി നിർമ്മിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിൽ നോട്ടർ ഡാമിലെത്തുകയും ചെയ്ത പരിശുദ്ധ അമ്മയുടെ രൂപവും കുരിശും എല്ലാം പ്രസിഡന്റ് സന്ദർശിച്ചു.

2019 ഏപ്രിൽ 15 ന് പ്രാദേശിക സമയം 6:20 നാണു കത്തീഡ്രലിൽ തീപിടിത്തം ആരംഭിച്ചത്. താമസിയാതെ, കുർബാന നിർത്തുകയും സന്ദർശകരെ ഒഴിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ വരെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണച്ചതായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന ഈ ദൈവാലയം തീപിടിത്തത്തിൽ തകർന്നത് ലോകത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ സംഭവത്തിനു ശേഷം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നുകൊടുക്കും എന്ന് പ്രസിഡന്റ് മാക്രോൺ ഉറപ്പു നൽകിയിരുന്നു. ആ ഉറപ്പാണ് അടുത്ത മാസം പൂർത്തിയാകാൻ ഒരുങ്ങുന്നത്. അതിനു മുന്നോടിയായാണ് അദ്ദേഹത്തിൻറെ ഈ സന്ദർശനവും.

Latest News