Monday, March 10, 2025

ശരീരത്തിനാവശ്യമായ പ്രോട്ടീൻ പ്രദാനം ചെയ്യുന്ന ഈ ഒൻപതു പഴങ്ങൾ ഓർത്തുവച്ചോളൂ

ശരീരത്തിൽ മികച്ച പേശികൾ നിർമ്മിക്കുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിനുമെല്ലാം പ്രോട്ടീനുകൾ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ ഓരോ പ്രായത്തിലും ശരിയായ അളവിൽ ലഭിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഓരോരുത്തരുടെയും പ്രായം, ഭാരം, പ്രവർത്തന നിലവാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പ്രോട്ടീന്റെ ആവശ്യകതയിലും വ്യത്യാസമുണ്ട്. എന്നാൽ സ്വാഭാവികമായി ഒരാളുടെ ശരീരത്തിൽ പ്രതിദിനം 0.54-0.9 എന്നീ നിലകളിൽ പ്രോട്ടീന്റെ ആവശ്യമുണ്ട്.

ബീൻസ്, ചിക്കൻ, മുട്ട, തൈര് തുടങ്ങിയ ഭക്ഷണങ്ങളിൽ പ്രോട്ടീൻ ഏറെയുണ്ടെന്നുള്ള കാര്യം എല്ലാവർക്കുമറിയാം. എന്നാൽ പഴങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല. എല്ലാ പഴങ്ങളിലും ഒരുപോലെ പ്രോട്ടീൻ കൂടുതൽ ഉണ്ടാകണമെന്നില്ല. അതിനാൽതന്നെ പ്രോട്ടീൻ കൂടുതലുള്ള പഴങ്ങളെ പരിചയപ്പെടാം.

പേരയ്ക്ക

വൈറ്റമിൻ സി, ഫൈബർ എന്നിവ അടങ്ങിയ മധുരമുള്ള ഒരു ഫലമാണ് പേരയ്ക്ക. മാത്രമല്ല, ഇതിൽ ധാരാളം പ്രോട്ടീനുമുണ്ട്. മൂന്ന് കപ്പ് പേരക്കയിൽ 4.21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷിക്ക് വിറ്റാമിൻ സി ഉത്തമമായതിനാൽതന്നെ പേരക്ക നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താം.

അവക്കാഡോ

ഒരു പഴവർഗമാണെങ്കിലും മറ്റുള്ളവയിൽനിന്നും വ്യത്യസ്തമായി അവോക്കാഡോയ്ക്ക് മധുരമില്ല. എന്നാൽ പ്രോട്ടീനുകളുടെ കലവറയായ അവോക്കാഡോ മികച്ചതു തന്നെയാണ്. 201 ഗ്രാമുള്ള അവോക്കാഡോയിൽ 4.01 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തന്നെയുമല്ല, അവോക്കാഡോയിൽ നാരുകൾ, വിറ്റാമിൻ ഇ, സി, മഗ്നീഷ്യം എന്നിവായും ധാരാളമായി അടങ്ങിയിരിക്കുന്നു.

ചക്ക

ലോകത്തിലെ ഏറ്റവും ഭക്ഷ്യയോഗ്യമായ പഴങ്ങളിലൊന്നാണ് ചക്ക. അതിനാൽതന്നെ ഇതിന്റെ ഗുണങ്ങളും വലുതാണ്. വിറ്റമിൻ ബി, സി, മഗ്നീഷ്യം പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചക്കയുടെ ചുളയിൽ 2.84 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

പാഷൻ ഫ്രൂട്ട്

ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പാഷൻ ഫ്രൂട്ട്. മൊത്തത്തിൽ ആരോഗ്യത്തിന് ഗുണകരമാണ് ഈ ഫ്രൂട്ട്. നൂറു ഗ്രാം പാഷൻ ഫ്രൂട്ടിൽ 2.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ബ്ലാക്ക്‌ബെറി

നാരുകളും വിറ്റമിൻ സി, കെ, മാംഗനീസ് തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബ്ലാക്ക്‌ബെറി. ഒരു കപ്പ് അസംസ്‌കൃത ബ്ലാക്ക്‌ബെറിയിൽ രണ്ടു ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് പറയുന്നത്.

ആപ്രിക്കോട്‌സ്

പോഷകങ്ങളാൽ സമ്പന്നമായ ഒരു ഫലമാണ് ആപ്രിക്കോട്ട്. ഇതിൽ സെല്ലുലാർ പ്രൊട്ടക്റ്റീവ് ഗുണങ്ങളുള്ള ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് സ്താനാർബദം പോലുള്ള നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഫ്രഷായും ഉണക്കിയും കഴിക്കാവുന്ന ആപ്രിക്കോട്ടിൽ 2.31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങ

മാതളനാരങ്ങയുടെ ഉള്ളിലെ കുരുവിലടക്കം അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മാതളനാരങ്ങയിൽ 2.9 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ മാത്രമല്ല, ദഹനവ്യവസ്ഥയുടെയും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

കിവി

വിറ്റാമിനുകളായ സി, ഇ, കെ എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെക്കാൾ ഇതിൽ പ്രോട്ടീൻ കൂടുതലാണ്. ഒരു കപ്പിൽ രണ്ടു ഗ്രാം പ്രോട്ടീനുകളാണ് അടങ്ങിയിരിക്കുന്നത്. നാരുകളുടെ ഉറവിടം കൂടിയാണ് കിവി. മലബന്ധം ഉള്ളവർക്ക് ഏറെ ഫലപ്രദമാണ് ഈ ഫലം.

ചെറി

ഭക്ഷണത്തിനൊപ്പം ചെറി ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോളിന്റെ അളവ് തുടങ്ങി ഹൃദ്രോഗസാധ്യതകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവ ഇത് പ്രദാനം ചെയ്യുന്നു. കൂടാതെ, പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് ചെറി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News