Sunday, November 24, 2024

തൈര് പാക്കറ്റുകളില്‍ ‘ദഹി’ വേണ്ട, പ്രാദേശിക ഭാഷ മതിയെന്ന് പുതിയ ഉത്തരവ്

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ‘ദഹിയെന്ന്’ എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. കേര്‍ഡ് എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ചീസ്, വെണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാകും.

ദഹി എന്ന ഹിന്ദി വാക്ക് എഴുതാനുള്ള നീക്കം തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉയര്‍ന്നത്.

തൈര് പാക്കറ്റുകളില്‍ ഹിന്ദി ലേബല്‍ കൊണ്ടുവരുന്നതിലൂടെ കന്നടയേയും തമിഴിനേയും ഇകഴ്ത്തുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞിരുന്നു. കര്‍ണാടകയിലും ഈ നീക്കത്തിനെതിരെ പ്രതിഷേധമുണ്ടായി.

 

Latest News