രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. അഞ്ചു ശതമാനത്തിലേറെ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിന ഉപഭോഗം 48.2 ലക്ഷം ബാരലായി.
എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. 1998 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലൂടെയുള്ള ലാഭം മൂലം ഏറെക്കാലമായി എണ്ണവിലയില്‍ സ്ഥിരത വന്നതും ശക്തമായ ആഭ്യന്തര ഉപഭോഗവുമാണ് ഇതിന് കാരണമായി പറയുന്നത്.
മാര്‍ച്ചോടെ പ്രതിദിനം 51.7 ലക്ഷം ബാരലായി ഉപഭോഗം ഉയരുമെന്നും മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതോടെ ഏപ്രില്‍-മെയ് മാസങ്ങളില്‍ 50 ലക്ഷം ബാരലായി കുറയുമെന്നും വിലയിരുത്തലുണ്ട്.
ഫെബ്രുവരിയില്‍ പെട്രോളിന്റെ ഉപഭോഗം 8.9ശതമാനം ഉയര്‍ന്ന് 28 ലക്ഷം ടണ്ണായി. ഡീസലിന്റേതാകട്ടെ 7.5ശതമാനം ഉയര്‍ന്ന് 69.8 ലക്ഷം ടണ്ണുമായി. പാചക വാതകത്തിന്റെ വില്പന 0.1ശതമാനം ഇടിഞ്ഞ് 23.9 ലക്ഷം ടണ്ണായി.