Tuesday, November 26, 2024

ഒറ്റയടിക്ക് ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്; ബംഗ്ലാദേശില്‍ ജനം തെരുവില്‍

ഇന്ധനവില 52% വരെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ജനം ഇന്ധന സ്റ്റേഷനുകള്‍ ഉപരോധിച്ചു. ആദ്യമായാണ് ഒറ്റയടിക്ക് ഇന്ധനവിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. യുക്രൈന്‍- റഷ്യ പ്രതിസന്ധിയാണ് ഇന്ധന വില വര്‍ധനവിന് കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ വില 51.7 ശതമാനവും ഡീസലിന് 42.5 ശതമാനവും വര്‍ധിച്ചു. ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ജനം ഇന്ധന പമ്പുകളിലേക്ക് ഇരച്ചെത്തി. പലയിടത്തും തിരക്ക് നിയന്ത്രിക്കാനാകാത്തതിനാല്‍ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നു. തുടര്‍ന്ന് പലയിടത്തും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

ഗതാഗതത്തിനും കൃഷി ജലസേചനത്തിനുമായി ഡീസല്‍ ഉപയോഗിക്കുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരെ വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

സില്‍ഹറ്റില്‍, വര്‍ധന പ്രഖ്യാപിച്ച ഉടന്‍ തന്നെ ചില്ലറ വ്യാപാരികള്‍ ഉയര്‍ന്ന വില ചുമത്താന്‍ ശ്രമിച്ചതായി പൊലീസ് കമ്മീഷണര്‍ എംഡി നിഷാറുല്‍ ആരിഫ് പറഞ്ഞു. സില്‍ഹറ്റ് നഗരത്തിലെ എല്ലാ ഇന്ധന പമ്പുകള്‍ക്കും മുന്നില്‍ ആളുകള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. മറ്റ് നഗരങ്ങളിലും സമാനമായ പ്രതിഷേധം നടന്നു. ആഗോള വിപണിയാണ് വിലവര്‍ധിക്കാന്‍ കാരണമെന്ന് ഊര്‍ജ മന്ത്രി നസ്രു ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.

പൊതുമേഖലാ വിതരണ കമ്പനികളുടെ സബ്സിഡി ഭാരം കുറയ്ക്കുന്നതിനായാണ് വിലയില്‍ വര്‍ധനവുണ്ടായതെന്നാണ് വിശദീകരണം. സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ധനവിലയില്‍ ഒറ്റയടിക്കുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. ഇന്ധന വില വര്‍ദ്ധനവ് പണപ്പെരുപ്പം വഷളാക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ജൂണില്‍ 7.56 ശതമാനമാണ് ബംഗ്ലാദേശിലെ പണപ്പെരുപ്പം.

 

Latest News