കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ലിറ്ററിന് 35 രൂപാ വീതം ഉയര്‍ത്തിയതായി ധനമന്ത്രി ഇഷാഖ് ധറാണ് പ്രഖ്യാപിച്ചത്. രൂപയുടെ വിലയിടിവും വിദേശനാണ്യ കമ്മിയുമാണ് പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വാദം.
പാക്കിസ്ഥാന്‍ രൂപയുടെ മൂല്യം കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന ജീവിതചെലവും മൂലം ബുദ്ധിമുട്ടുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇന്ധനവില വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രബല്യത്തില്‍ വന്നതോടെ പെട്രോളിന് 249 രൂപ 80 പൈസയും ഡീസലിന് 262 രൂപ 80 പൈസയുമാണ് വില. മണ്ണെണ്ണക്ക് 18 രൂപയും വര്‍ദ്ധിച്ചു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർശന വ്യവസ്ഥകൾ പാലിച്ച് അന്താരാഷ്ട്ര നാണയനിധിയുടെ വായ്പാ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഭരണസഖ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. വിലവർദ്ധനക്കു മുന്നോടിയായി പാക്കിസ്ഥാനിലെ പെട്രോൾ പമ്പുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.