നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് അറുപതിലധികം ക്രിസ്ത്യാനികളെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ. ബൊക്കോസ് കൗണ്ടിയിലെ ഏഴ് ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരെയാണ് ഏപ്രിൽ 2, 3 തീയതികളിലായി ആക്രമണങ്ങൾ നടന്നത്. അതിൽ നാൽപതിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട ഹൂർട്ടി ഗ്രാമവും ഉൾപ്പെടുന്നുവെന്ന് കമ്മ്യൂണിറ്റി നേതാവ് മാരൻ അരഡോംഗ് പറഞ്ഞു. ഈ കൂട്ടക്കൊലപാതകത്തെ ഗവർണർ, ‘വംശഹത്യ’ എന്നു വിശേഷിപ്പിച്ചതായി വൃത്തങ്ങൾ പറഞ്ഞു.
“ആക്രമണങ്ങളിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ കുടിയിറക്കപ്പെട്ടു. 383 വീടുകൾ കൊള്ളക്കാർ നശിപ്പിച്ചു. ഏപ്രിൽ രണ്ട്, ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. ആയുധധാരികളായ ഫുലാനി തീവ്രവാദികൾ മോട്ടോർ സൈക്കിളുകളിൽ വന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റികളെ ആക്രമിച്ചത്” – അരഡോംഗ് പറഞ്ഞു. അക്രമികൾ ഭക്ഷണശാലകൾ നശിപ്പിക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ രണ്ടിന് 21 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ബൊക്കോസ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ (ബി സി ഡി സി) ചെയർമാൻ ഫാർമസം ഫുഡാങ് പറഞ്ഞു. എന്നാൽ അടുത്ത ദിവസം 40 ക്രിസ്ത്യാനികൾ കൂടി കൊല്ലപ്പെട്ടു. രണ്ടുദിവസത്തെ ആക്രമണത്തിൽ അറുപതിലധികം ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. റുവി, മംഗൂർ, തമിസോ, ഡാഫോ, മംഗുന, ഹുർട്ടി, തഡായ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഫുലാനി ഭീകരരാണ് ഈ ആക്രമണങ്ങൾ നടത്തിയത്.