Monday, April 21, 2025

ജി-20 നേതൃതല ഉച്ചകോടി നാളെ: ലോകനേതാക്കൾ എത്തിത്തുടങ്ങി

പതിനെട്ടാമത് ജി-20 ഉച്ചകോടിക്കായി ലോകനേതാക്കൾ രാജ്യതലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. നേതൃതല ഉച്ചകോടി സെപ്റ്റംബർ 9, ശനിയാഴ്ച നടക്കും. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്നുദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ജി-20 ഉച്ചകോടിയുടെ ഭാഗമായി ദില്ലിയിൽ അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സൈനിക, അർധസൈനിക വിഭാഗങ്ങൾ, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഡൽഹി പൊലീസ് എന്നീ സേനകളെ തലസ്ഥാനത്തു വിന്യസിപ്പിച്ചു. പ്രഗതി മൈതാനില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുക.

ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര-വാണിജ്യ-പ്രതിരോധമേഖലകളിൽ കൂടുതൽ ധാരണകളുണ്ടാകുമെന്നാണ് സൂചന. യു.കെ പ്രധാനമന്ത്രി ഋഷി സുനക് ഉച്ചയോടെ എത്തും. അതേസമയം, റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമാണ് പങ്കെടുക്കുക. വിശിഷ്ടാതിഥികള്‍ക്കായി ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും.

ഉച്ചകോടിയില്‍ ചര്‍ച്ചയാവുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി-20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും.

Latest News