Monday, November 25, 2024

ജി-20 വെർച്വൽ ഉച്ചകോടി ഇന്ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും

ജി-20 നേതാക്കളുടെ വെർച്വൽ ഉച്ചകോടി ഇന്ന് ചേരും. ഇന്ത്യ ആതിഥേയത്വം വഹിച്ച വാർഷിക ജി-20 ഉച്ചകോടിയിൽ സ്വീകരിച്ച തീരുമാനങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിലയിരുത്തുന്നതിനാണ് നേതാക്കള്‍ വെർച്വൽ യോഗം ചേരുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.

2023 സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടി നടന്നത്. ഡൽഹി ഉച്ചകോടിയിൽ നടപ്പിലാക്കിയ തീരുമാനങ്ങളെക്കുറിച്ചും പുതുതായി ഉടലെടുത്ത ആഗോളവെല്ലുവിളികളെ അഭിമുഖീകരിക്കുന്നിനെക്കുറിച്ചുമാണ് വെർച്വൽ യോഗം ചര്‍ച്ചചെയ്യുക. റഷ്യ – യുക്രൈൻ യുദ്ധവും സമീപകാല ഇസ്രായേൽ – ഹമാസ് സംഘർഷവും യോ​ഗത്തിലെ അജണ്ടയിൽ ഉൾപ്പെടുന്നു.

അതേസമയം, വെർച്വൽ യോഗത്തില്‍നിന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്; പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ക്രെംലിൻ അറിയിച്ചു. സെപ്റ്റംബറിൽ നടന്ന ന്യൂഡൽഹി ജി-20 ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് അദ്ദേഹത്തെ പ്രതിനിധീകരിച്ച് എത്തിയിരുന്നു.

Latest News