ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. ന്യൂഡല്‍ഹിയിലാണ് യോഗം നടക്കുക. റഷ്യ-.യുക്രെയ്ന് പ്രതിസന്ധി, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ച നടക്കുക.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ജര്‍മ്മനിയുടെ അന്നലീന ബെയര്‍ബോക്ക്, ഫ്രാന്‍സിന്റെ കാതറിന് കൊളോന, അര്‍ജന്റീന വിദേശകാര്യ മന്ത്രി സാന്റിയാഗോ കഫീറോ, ഓസ്ട്രേലിയയുടെ പെന്നി വോങ്, സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന്, ഇന്തോനേഷ്യയുടെ റെറ്റ്നോ മര്‍സൂഡി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെപ് ബോറെല്‍ ഫോണ്ടെലെസ്, ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ താജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിന് പുറമേ ജി20 ഇതര അംഗങ്ങള്‍ ഉള്‍പ്പെടെ 40 രാജ്യങ്ങളുടെ പ്രതിനിധികളും ബഹുമുഖ സംഘടനകളും പങ്കെടുക്കും.
ആദ്യത്തെ സെഷനില്‍ ഭക്ഷണം, ഊര്‍ജ്ജം, ബഹുമുഖവാദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാമത്തെ സെഷനില്‍ നാലോ അഞ്ചോ വിഷയങ്ങള്‍ ശ്രദ്ധാകേന്ദ്രമാകും. ആഗോള നൈപുണ്യ മാപ്പിംഗ്, ആഗോള ടാലന്റ് പൂളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, മയക്കുമരുന്ന്, തീവ്രവാദ വിരുദ്ധത എന്നിവയും ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന രണ്ടാമത്തെ മന്ത്രിതല യോഗമാണിത്.