ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ പരീക്ഷണ പറക്കൽ (ടിവി-ഡി1) നിർത്തിവച്ചു. അഞ്ച് സെക്കന്റുകൾ മാത്രം ശേഷിക്കെ കൗണ്ട് ഡൗൺ നിർത്തുകയായിരുന്നു. ദൗത്യം റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതമായി തിരികെ ഇറക്കാനുള്ള പരീക്ഷണമാണ് മാറ്റിവച്ചത്.
മോശം കാലാവസ്ഥയെതുടര്‍ന്ന് വിക്ഷേപണം എട്ട് മണിയില്‍നിന്നും രാവിലെ എട്ടരയിലേക്കും പിന്നീട് വിക്ഷേപണം 8.45ലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കൗണ്‍ഡൗണ്‍ പൂര്‍ത്തിയാകാന്‍ അഞ്ച് സെക്കന്റുകൾ അവശേഷിക്കെ ദൗത്യം ഹോള്‍ഡ് ചെയ്തതായി ഇസ്റോ പ്രഖ്യാപിക്കുകയായിരുന്നു. വിക്ഷേപണം നിർത്തിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ഐ.എസ്.ആർ.ഒ ചെയർമാൻ രംഗത്തെത്തി. വിക്ഷേപണം നിർത്തിയതിൽ കൂടുതൽ പരിശോധനയുണ്ടാകുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു.
ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ക്രൂ മൊഡ്യൂൾ കഴിഞ്ഞ ദിവസം വിക്ഷേപണവാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ രക്ഷപെടുത്താമെന്നതായിരുന്നു പരീക്ഷണം. അതേസമയം, ഗഗന്‍യാന്‍റെ വിക്ഷേപണം ഇനിഎന്ന് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.