Saturday, November 23, 2024

ഇന്ത്യയില്‍ സംതൃപ്തിയോടെ ജോലി ചെയ്യുന്നവര്‍ 14 % മാത്രം; 86% അസംതൃപ്തരെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ജോലിയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിച്ച് സംതൃപ്തിയോടെ ജോലി ചെയ്യുന്നത് വെറും 14 ശതമാനം പേര്‍ മാത്രമാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള ശരാശരിയായ 34 ശതമാനത്തെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ വളരെ പിന്നിലാണെന്ന് ഗാല്ലപ് 2024 ഗ്ലോബല്‍ വര്‍ക്ക്‌പ്ലേസ് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ വിശകലന സ്ഥാപനത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 86 ശതമാനം പേരും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ അസംതൃപ്തരായി ജോലി ചെയ്യുന്നവരാണ്.

ജീവനക്കാരുടെ മാനസിക ആരോഗ്യവും ജീവിത നിലവാരവുമെല്ലാം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. മുന്നോട്ട് കുതിക്കുന്നവര്‍, പൊരുതുന്നവര്‍, ഏറെ ബുദ്ധിമുട്ടുന്നവര്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പായാണ് ആളുകളെ തിരിച്ചത്. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ സംതൃപ്തിയും ഭാവിയിലേക്ക് വലിയ പ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നവരോട് ഏഴോ അതിന് മുകളിലോ റേറ്റിങ് നല്‍കാനാണ് ആവശ്യപ്പെട്ടത്.

നിലവിലെ സാഹചര്യം വെച്ച് ശുഭാപ്തി വിശ്വാസം ഇല്ലാത്തവരും സമ്മര്‍ദ്ദവും സാമ്പത്തിക ഞെരുക്കവും കൂടി വരികയും ചെയ്യുന്നവരോട് 4നും 7നും ഇടയില്‍ റേറ്റിങ് നല്‍കാനാണ് പറഞ്ഞത്. ഭാവിയില്‍ ഒട്ടും പ്രതീക്ഷയില്ലാതെ ദയനീയമായി മുന്നോട്ട് പോവുന്നവരാണ് 4ന് താഴെ റേറ്റിങ് നല്‍കിയത്.

”ജോലി ചെയ്തിട്ടും പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണത്തിനും താമസത്തിനും വേണ്ടി പോലും ബുദ്ധിമുട്ടുന്നവരാണ് അസംതൃപ്തരുടെ പട്ടികയിലുള്ളത്. അവര്‍ ശാരീരികമായി ഏറെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഇതിന് പുറമെ മാനസിക സമ്മര്‍ദ്ദവുമുണ്ട്. അവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സൊന്നും എടുക്കാന്‍ സാധിക്കാറില്ല. അതിനാല്‍ തന്നെ രോഗം വന്നാല്‍ മറ്റുള്ളവരേക്കാള്‍ ബാധ്യത ഏറുകയും ചെയ്യുന്നു,” ഗാല്ലപ്പ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ആഗോളതലത്തിലുള്ള കണക്കുകള്‍ പ്രകാരം മുന്നോട്ട് കുതിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റവും താഴെയുള്ളത് ദക്ഷിണേഷ്യയാണ്. 15 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ ഏറെ പ്രതീക്ഷയുള്ളവരാണെന്ന് പ്രതികരിച്ചത്. ഈ മേഖലയില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് (14%). നേപ്പാളാണ് (22%) ഒന്നാം സ്ഥാനത്ത് എത്തിയത്. ”ദക്ഷിണേഷ്യയിലെ മിക്ക രാജ്യങ്ങളിലും സമാന തരത്തിലുള്ള പ്രതികരണം തന്നെയാണുള്ളത്. ഈ മേഖലയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയും ഒന്നാം സ്ഥാനത്ത് നേപ്പാളുമാണ്,” റിപ്പോര്‍ട്ട് പറയുന്നു.

മാനസിക സമ്മര്‍ദ്ദം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് പ്രതികരിച്ചവരില്‍ 35 ശതമാനം പേരും തങ്ങള്‍ ജോലിയിലെ ബുദ്ധിമുട്ടുകള്‍ കാരണം ദിവസവും ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്ന് തുറന്ന് പറയുന്നു. 32 ശതമാനം പേരും ദിവസവും സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. എന്നാല്‍ ദക്ഷിണേഷ്യയില്‍ ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത് ശ്രീലങ്കയും (62%) അഫ്ഗാനിസ്താനുമാണ് (58%).

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജീവനക്കാരുടെ ഇടപെടലുകളുടെ കാര്യത്തില്‍ ഇന്ത്യ വളരെ മുന്നിലാണ്. 32 ശതമാനം പേര്‍ നന്നായി ഇടപെടുന്നവരാണ്. ആഗോള ശരാശരിയായ 23 ശതമാനത്തേക്കാള്‍ ഏറെ മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എത്രയൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും ജോലിയോട് ആത്മാര്‍ഥതയും കൂറും കാണിക്കുന്നവരില്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ ഒരു വീഴ്ചയും വരുത്തുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

 

 

Latest News