‘ജീവിതത്തില്‍നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്. പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല. ഒരായിരം വര്‍ഷങ്ങള്‍ക്കുശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക് അത് ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കും’ – മഹാത്മാഗാന്ധിയുടെ മരണമറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പങ്കുവച്ച വികാരനിര്‍ഭരമായ വാക്കുകള്‍ കാലതിവര്‍ധിയായി നിലനില്‍ക്കുന്നു.
കനവുപോലെയോ, കഥപോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതംകൊണ്ട് ഒരു ജനതയെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ മഹാത്മാഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കിക്കാണാനാവില്ല. ‘നേരാണ്, നമ്മള്‍ക്കുണ്ടായിരുന്നു സൂര്യനെപ്പോലെയൊരു അപ്പൂപ്പന്‍. മുട്ടോളമെത്തുന്ന കൊച്ചുമുണ്ടും മൊട്ടത്തലയും തെളിഞ്ഞ കണ്ണും മുന്‍വരി പല്ലില്ലാപ്പുഞ്ചിരിയും വെണ്‍നുര ചൂടും വിരിഞ്ഞ മാറും…’ സുഗതകുമാരി ടീച്ചര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത ഗാന്ധിചിത്രം എത്ര മനോഹരമാണെന്നു നോക്കൂ.
‘മറന്നുവോ മനുജരേ, മറന്നുവോ മക്കളേ, നിങ്ങളിന്നെന്നെ മറന്നുവോ’ എന്നു വിലപിക്കുന്ന ഗാന്ധിയെക്കുറിച്ചു പണ്ട് ഞാന്‍ എഴുതിയിട്ടുണ്ട്. അതെ, ദിശതെറ്റിയ, അക്ഷരത്തെറ്റുകള്‍ ശീലമാക്കിയ ഒരുകാലത്ത് സത്യത്തെക്കുറിച്ചും ശരിയെക്കുറിച്ചും നമ്മോടു സംവദിക്കാന്‍ ഗാന്ധിയെക്കാള്‍ മികച്ചൊരാള്‍ ഇല്ല. അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ‘നിങ്ങള്‍ മനുഷ്യനായതുകൊണ്ടുമാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത്.’ ‘ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല’ – ഈ വാക്കുകള്‍ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
ലക്ഷ്യം മാത്രമല്ല, അതില്‍ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഈ അര്‍ധനഗ്‌നനായ ഫക്കീര്‍ സമകാലിക ഇന്ത്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്.
ലക്ഷ്യപ്രാപ്തിയിലേക്കുള്ള (നൈതികത തൊട്ടുതീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയില്‍ ഗാന്ധി ഒരു മാര്‍ഗതടസ്സമായി പലര്‍ക്കും അനുഭവപ്പെട്ടേക്കാം. സ്ത്രീപുരുഷഭേദമന്യേ എല്ലാ മഹത് വ്യക്തികള്‍ക്കും സംഭവിക്കാറുള്ള ദുര്യോഗം ഗാന്ധിജിയുടെ കാര്യത്തിലും സംഭവിച്ചു. ഗാന്ധി നമ്മുടെ കറന്‍സിയിലുണ്ട്. വിദേശത്തെ വി.ഐ.പി അതിഥികള്‍ വരുമ്പോള്‍ അവരെ നമ്മള്‍ ഗാന്ധിസമാധിയിലും ആശ്രമത്തിലും എത്തിക്കുന്നു. പ്രസംഗങ്ങളില്‍ ഗാന്ധിയെ ഉദ്ധരിക്കുന്നു. അല്ലാതെ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരാന്‍ ആരും തയ്യാറാകുന്നില്ല. അധികാരവും സംവിധാനങ്ങളും കൈയ്യിലെത്തിയപ്പോഴേക്കും ഇന്ത്യക്കാര്‍ ഗാന്ധിയെ മറക്കാന്‍ ഇഷ്ടപ്പെട്ടു എന്നതല്ലേ വാസ്തവം.
തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സമരമാര്‍ഗമായ സത്യാഗ്രഹത്തെക്കുറിച്ചു ഗാന്ധി പറയുന്നത് ഇപ്രകാരമാണ്: ‘സത്യാഗ്രഹംകൊണ്ടു ഞാന്‍ അര്‍ഥമാക്കുന്നത് സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്. തിന്മയും തിന്മ ചെയ്യുന്ന ആളും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യം സത്യാഗ്രഹി മറക്കാന്‍ പാടില്ല. തിന്മയെ അല്ലാതെ തിന്മ ചെയ്യുന്നവര്‍ക്കെതിരെ വിദ്വേഷമോ, പകയോ വച്ചുപുലര്‍ത്തരുത്. സത്യാഗ്രഹി എപ്പോഴും തിന്മയെ നന്മകൊണ്ടും കോപത്തെ സ്‌നേഹംകൊണ്ടും അസത്യത്തെ സത്യംകൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുക.
അതുകൊണ്ട് സത്യാഗ്രഹസമരത്തിനിരിക്കുന്ന ഒരാള്‍ കോപം, വിദ്വേഷം തുടങ്ങിയ മാനുഷികദൗര്‍ബല്യങ്ങളില്‍നിന്ന് താന്‍തന്നെ പൂര്‍ണ്ണമായും വിമുക്തനാണെന്നും തന്റെ സത്യാഗ്രഹംകൊണ്ട് ഇല്ലാതാക്കാനൊരുങ്ങുന്ന തിന്മകള്‍ തന്നെ പിടികൂടിയിട്ടില്ലെന്നും ഉറുപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സത്യാഗ്രഹി ശ്രദ്ധാപൂര്‍വം ആത്മപരിശോധന നടത്തുകയും ചെയ്യണം.’ സത്യവും അഹിംസയും സമരായുധങ്ങളാക്കി ലോകത്തിനുമുമ്പില്‍ സമാനതകളില്ലാത്ത പുതിയൊരു മാതൃക സൃഷ്ടിച്ച മഹാത്മാവിന്റെ പിന്‍തലമുറയ്ക്ക് വാസ്തവത്തില്‍ ഈ മൂല്യങ്ങള്‍ ഇന്ന് ബാധ്യതയായി മാറിയിരിക്കുന്നു.
യുവചരിത്രകാരനായ മനു എസ്. പിള്ളയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ‘ഗാന്ധിയുടെ നിലനില്‍ക്കുന്ന വലിയ സംഭാവനയായി ഞാന്‍ കരുതുന്നത്, നെല്ലും പതിരും തിരിച്ചറിയാന്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മളെ ഇപ്പോഴും സഹായിക്കുന്നു എന്നതാണ്. ആ വാക്കുകള്‍ പ്രസംഗങ്ങളില്‍ നിറയ്ക്കുന്നവരെയും അത് ഗൗരവമായി കണക്കാക്കി പ്രവര്‍ത്തിക്കുന്നവരെയും തമ്മില്‍ തിരിച്ചറിയാന്‍ അവ വഴിയൊരുക്കുന്നു. അദ്ദേഹം ഉദ്ദേശിച്ചിരിക്കാനിടയില്ലെങ്കിലും മനുഷ്യരുടെ യഥാര്‍ഥമുഖം കാണിച്ചുതരുന്ന ഒരു കണ്ണാടിയായി അതു വര്‍ത്തിക്കുന്നു. അസത്യത്തിന്റെ കാലത്ത് സത്യത്തിന്റെ ധാര്‍മ്മികശക്തിയെപ്പറ്റി ഗാന്ധി നമ്മെ ഓര്‍മ്മിപ്പിച്ചുകെണ്ടേയിരിക്കുന്നു.’
സ്വാതന്ത്ര്യം, ബഹുസ്വരത, മതേതരത്വം, സമത്വം, അക്രമരാഹിത്യം തുടങ്ങി ഗാന്ധി നെഞ്ചോടു ചേര്‍ത്തുപിടിച്ച പല ആശയങ്ങളും വലിയ വെല്ലുവിളി നേരിടുകയാണെന്നതില്‍ സംശയമില്ല. അതിനാല്‍തന്നെ പഴകുന്തോറും വീഞ്ഞിന് വീര്യം കൂടും എന്നുപറയുന്നതുപോലെ, ഗാന്ധിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും എന്നും ശ്രദ്ധേയമായി നിലനില്‍ക്കും.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഗാന്ധിജിയെ അനുസ്മരിച്ചുകൊണ്ടു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ഗാന്ധിയില്‍നിന്ന് ഒളിച്ചോടിക്കൊണ്ട് മനുഷ്യരാശിക്കു പുരോഗമനം സാധ്യമല്ല. മനുഷ്യരാശി സമാധാനവും സഹവര്‍ത്തിത്വവും നിലനില്‍ക്കുന്ന ഒരു ലോകത്തിലേക്ക് പരിണാമത്തിലൂടെ ചെന്നെത്തുന്നത് മനസ്സില്‍കണ്ട് അതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. അദ്ദേഹത്തെ അവഗണിക്കുന്നത് നമ്മെത്തന്നെയാവും ബാധിക്കുക.’
ഡോ. സെമിച്ചന്‍ ജോസഫ്
(സാമൂഹ്യപ്രവര്‍ത്തകനും പരീശിലകനും സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകന്‍)