ആശുപത്രികളില്‍ കോടികള്‍ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ടെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ. മൂന്നു കോടി ചെലവഴിച്ച് നിര്‍മിച്ച തലവൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് പരിസരം വൃത്തിഹീനമായി കിടക്കുന്നത് നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്.
വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഗണേഷ് കുമാര്‍ ജീവനക്കാരെ ശാസിച്ചു. ആശുപത്രിയില്‍ വൃത്തിയില്ല എന്ന പരാതിയെ തുടര്‍ന്നാണ് അദ്ദേഹം മിന്നല്‍ പരിശോധനക്കെത്തിയത്.
തറ മുതല്‍ ഓരോ മുറികളും കയറി ഇറങ്ങി പരിശോധിച്ച എംഎല്‍എ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പ്രത്യേകം നല്‍കിയ പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായിരുന്ന് തുരുമ്പെടുത്തതും എംഎല്‍എ ചൂണ്ടിക്കാണിച്ചു. ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങള്‍ വരെ പൊട്ടിത്തകര്‍ന്നു കിടക്കുന്നത് എംഎല്‍എയെ പ്രകോപിതനാക്കി. ഫാര്‍മസിയും ഓഫീസും അടക്കമുള്ള സ്ഥലങ്ങള്‍ വൃത്തിഹീനമായിക്കിടന്നതു കണ്ട് അവിടമെല്ലാം ചൂലെടുത്ത് സ്വയം വൃത്തിയാക്കാനും ഗണേഷ് കുമാര്‍ മടിച്ചില്ല.
വാങ്ങുന്ന ശമ്പളത്തോട് അല്‍പമെങ്കിലും നന്ദി കാണിക്കണമെന്നും താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും അല്‍പമെങ്കിലും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.