വിദേശരാജ്യങ്ങളില്‍നിന്നും റഷ്യന്‍ സൈന്യത്തിലേക്ക് കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തുന്ന സംഘം പിടിയില്‍. നേപ്പാളില്‍വച്ചാണ് പത്തുപേരടങ്ങുന്ന സംഘം പോലീസിന്റെ പിടിയിലായത്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് യാത്രാവിസ വാഗ്ദാനംചെയ്യുകയും പിന്നീട് ഇവരെ നിര്‍ബന്ധിച്ച് റഷ്യന്‍സേനയില്‍ നിയമിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് വിസ വാഗ്‌ദാനം ചെയ്യുകയും ഇവരെ റഷ്യയിലേക്കു കടത്തുകയുമായിരുന്നു മനുഷ്യക്കടത്തുസംഘം ചെയ്തിരുന്നത്. ഓരോരുത്തരുടെ കൈയ്യില്‍നിന്നും 9,000 ഡോളര്‍ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. പിന്നീട് ഇവരെ, സെന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നെന്ന് കാഠ്മണ്ഡു ജില്ലാ പോലീസ് മേധാവി ഭൂപേന്ദ്ര ഖാത്രി പറഞ്ഞു. നിലവില്‍, സൈന്യത്തിലുള്ള നേപ്പാള്‍ സ്വദേശികളെ തിരിച്ചയയ്ക്കണമെന്ന് കാഠ്മണ്ഡു സര്‍ക്കാര്‍ മോസ്‌കോയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അടുത്തിടെ ഉക്രൈനില്‍ റഷ്യന്‍ കൂലിപ്പടയില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് നേപ്പാള്‍ സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. അതിലൊരാളെ ഉക്രേയിന്‍സൈന്യം പിടിച്ചുവച്ചതിനെതുടര്‍ന്നാണ് മനുഷ്യക്കടത്തുസംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ ഉക്രൈനെതിരായ പോരാട്ടത്തില്‍ റഷ്യന്‍സൈന്യത്തിനൊപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.