റഷ്യയിലെ ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് കുട്ടികളടക്കം 25 പേര് മരിക്കുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 13 പേര് കുട്ടികളാണെന്നും 10 പേരുടെ നില ഗുരുതരമാണെന്നും റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി വ്ളാഡിമിര്‍ ഫിസെങ്കോ അറിയിച്ചു.
ഡാഗെസ്താനി തലസ്ഥാനമായ മഖച്കലയിലെ ഒരു റിപ്പയര്‍ ഷോപ്പില്‍ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് അടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പടര്‍ന്നു. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഒരു നില കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് റോയിട്ടേഴ്സ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു യുദ്ധം പോലെയാണ് അനുഭവപ്പെട്ടതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞു.
600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ മുക്കാല്‍ മണിക്കൂറിലധികം സമയമെടുത്തു, റഷ്യന്‍ എമര്‍ജന്‍സി സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്.