ഗേറ്റ്സ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള ജീവകാരുണ്യ സംഘടനകൾ ചേർന്ന് 500 മില്യൺ ഡോളറിന്റെ പിന്തുണയുള്ള ഒരു ഫണ്ട് രൂപീകരിച്ചു. 10 ആഫ്രിക്കൻ രാജ്യങ്ങളിലെ നവജാതശിശുക്കളുടെയും അമ്മമാരുടെയും ജീവൻ രക്ഷിക്കുന്നതിനായുള്ളതാണ് ഈ ഫണ്ട് രൂപീകരണം. ആഗോളതലത്തിലുള്ള ആരോഗ്യ ധനസഹായം കുറഞ്ഞ സാഹചര്യത്തിൽ ഇത്തരമൊരു ഫണ്ട് രൂപീകരണം വേറിട്ടുനിൽക്കുന്നതാണ്.
നിലവിൽ എത്യോപ്യ, ഘാന, കെനിയ, മലാവി, ലെസോത്തോ, നൈജീരിയ, റുവാണ്ട, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ എന്നിവിടങ്ങളിൽ പ്രവർത്തിക്കാനാണ് സംഘടനകൾ പദ്ധതിയിടുന്നത്. അണുബാധ, അമ്മമാർക്കുണ്ടാകുന്ന കടുത്ത രക്തസ്രാവം, ശിശുക്കളിലെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുൾപ്പെടെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന്റെ പ്രധാന കാരണങ്ങൾ ഈ പ്രവർത്തനത്തിലൂടെ കണ്ടെത്താനും ലക്ഷ്യമിടുന്നു.
2030 ആകുമ്പോഴേക്കും മൂന്നുലക്ഷം അമ്മമാരുടെയും നവജാതശിശുക്കളുടെയും ജീവൻ രക്ഷിക്കുക, 34 ദശലക്ഷം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണനിലവാരമുള്ള പരിചരണം വികസിപ്പിക്കുക എന്നിവയാണ് ബിഗിനിംഗ്സ് ഫണ്ട് ലക്ഷ്യമിടുന്നത്. ഫണ്ടിനു പുറമെ, മാതൃ-ശിശു ആരോഗ്യത്തിൽ നേരിട്ടുള്ള നിക്ഷേപമായി നൂറു മില്യൺ ഡോളർ പങ്കാളികൾ വാഗ്ദാനം ചെയ്തു. അതേസമയം, മറ്റൊരു പ്രധാന പിന്തുണക്കാരനായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടുത്തിടെ സ്ഥാപിച്ച മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റിയുടെ ആസ്ഥാനമായ അബുദാബിയിൽ ബിഗിനിംഗ്സ് ഫണ്ട് ആരംഭിച്ചിരുന്നു.