ഇസ്രയേലിനും ഗാസയ്ക്കും ഇടയിലുള്ള ഇടനാഴിയായ കേരം ശാലോം മാനുഷിക സഹായമെത്തിക്കുന്നതിനായി തുറന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കേരം ശാലോം തുറക്കുന്നത്. യുദ്ധമേഖലയിലേക്ക് എത്തേണ്ട മരുന്നിന്റേയും ഭക്ഷണത്തിന്റേയും അളവ് ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷമാണ് ഇടനാഴി പൂര്‍ണമായി അടച്ചത്.
ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുടേയും ഇസ്രയേലിന്റേയും ഏകോപനത്തോടെ ഞായറാഴ്ച കേരം ശാലോം തുറന്നതായി പലസ്തീന്‍ അതിര്‍ത്തി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയോടെതന്നെ ഗാസയില്‍ സഹായം എത്തിയതായും തിങ്കളാഴ്ചയോടെ ഇത് പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. 79 ട്രക്കുകള്‍ കേരം ശാലോം കടന്നതായി ഈജിപ്ത് റെഡ് ക്രെസെന്റ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
ഗാസയിലെ ആശുപത്രികളുടെ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ തുടരുകയാണ്. വടക്കന്‍ ഗാസയില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന നാല് ആശുപത്രികള്‍ മാത്രമാണ് യുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം ഇപ്പോള്‍ ഭാഗികമായി പ്രവൃത്തിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.