ഗാസ ഇസ്രായേല്‍ ആക്രമണത്തില്‍ ശാശ്വതമായ വെടിനിനിര്‍ത്തല്‍ കരാര്‍ ഉറപ്പിക്കുന്നതിനുള്ള 11 മണിക്കൂര്‍ ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലില്‍ എത്തി. പത്ത് മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള വാഷിങ്ടണിന്റെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലിങ്കന്‍ ഇന്നലെ ടെല്‍ അവീവിലെത്തിയത്. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബ്ലിങ്കന്റെ ഒത്തുതീര്‍പ്പ് ശ്രമം. കഴിഞ്ഞ മാസം ഹിസ്ബുല്ല ഉന്നത കമാന്‍ഡറും ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയെയും കൊലപ്പെടുത്തിയതിനുശേഷം ചര്‍ച്ചകള്‍ അടിയന്തര ആവശ്യമായി വന്നു.
വെടിനിര്‍ത്തല്‍ എന്നത് പശ്ചിമേഷ്യയിലെ അക്രമസാഹചര്യങ്ങള്‍ കുറയ്ക്കുമെന്നും ഗാസയിലെ യുദ്ധം മേഖലാവ്യാപകമായ സംഘര്‍ഷത്തിലേക്ക് വേഗത്തില്‍ നീങ്ങാന്‍ കാരണമായേക്കാവുന്ന പ്രതികാര നടപടികളില്‍നിന്ന് ഇറാനെയും ഹിസ്ബുള്ളയെയും പിന്തിരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ബ്ലിങ്കന്റെ ഒന്‍പതാമത്തെ യാത്രയാണിത്. വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമെടുക്കുമെന്നും ബന്ദികളേയും തടവുകാരേയും മോച്ചിപ്പിക്കാനും ശ്രമിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഈജിപ്തിലേക്ക് പോകുന്നതിനു മുമ്പ് ഇന്ന് ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞയാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം അന്താരാഷ്ട്ര മധ്യസ്ഥരായ യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തീരുമാനമാകാത്ത കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ കെയ്റോയില്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നവംബറില്‍ നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിലേക്ക് വാഷിങ്ടണ്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതിനാല്‍ കെയ്റോ ഉച്ചകോടിയില്‍ കരാര്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഹമാസ് നേരിട്ട് പങ്കെടുക്കാത്തതിനാല്‍ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന സംശയവുമുണ്ട്. ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഹമാസ് പ്രതിനിധിയെ അയച്ചിരുന്നില്ല. അതിനാല്‍ സമ്മര്‍ദം നല്‍കേണ്ടത് ഹമാസിനും സിന്‍വാറിനും നേരേയാണ്, ഇസ്രയേല്‍ സര്‍ക്കാരിനല്ല എന്ന് ഹമാസ് മേധാവിയെ പരാമര്‍ശിച്ച് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ നെതന്യാഹു പറഞ്ഞു.