ഗാസ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യാഴാഴ്ച അവശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ബുധനാഴ്ച പ്രതികരിച്ചു.
തങ്ങളുടെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉദ്യോഗസ്ഥന്‍, ശേഷിക്കുന്ന തടസ്സങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അടുത്തയാഴ്ച ഇസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള കൂടുതല്‍ മീറ്റിംഗുകള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. ഹമാസിന്റെ നേതൃത്വത്തിലുള്ള പോരാളികള്‍ ഒക്ടോബര്‍ 7 ന് ആണ് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറുകയും, 1,200 പേരെ കൊല്ലുകയും 250 പേരെ തടവിലാക്കുകയും ചെയ്തത്. ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം, ഗാസയില്‍ 38,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ഒരു യുദ്ധത്തിന് ആണ് ഇത് തുടക്കമിട്ടത്.
കണക്കുകള്‍ പ്രകാരം ഹമാസും മറ്റ് തീവ്രവാദികളും ഇപ്പോഴും 120 പേരെ ബന്ദികളാക്കിയിട്ടുണ്ട്. അവരില്‍ മൂന്നിലൊന്ന് പേര്‍ മരിച്ചതായാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത്. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നതില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെടുന്ന സാഹചര്യമാണ് ഇതുവരെ ഉണ്ടായത്.
അതേസമയം ഇസ്രയേലിനും ഹമാസിനും ഇനിയും ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്നും എന്നാല്‍ 42 ദിവസത്തെ കാലയളവില്‍ സ്ത്രീകളെയും പ്രായമായ പുരുഷന്മാരെയും പരിക്കേറ്റ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ നടത്തുമെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൈഡന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും, തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇസ്രായേല്‍ നേതാവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.