ഗാസയില്‍ വെടിനിര്‍ത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഹമാസ്, ഇസ്രായേല്‍ പ്രതിനിധികള്‍ വെള്ളിയാഴ്ച കെയ്‌റോയില്‍ നിന്ന് മടങ്ങി. മധ്യസ്ഥരായ ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേല്‍ നിരസിക്കുകയായിരുന്നു.
തങ്ങള്‍ പോസിറ്റീവായി പ്രതികരിച്ചിട്ടുണ്ടെന്നും ഇനി ഇസ്രായേലാണ് തീരുമാനിക്കേണ്ടതെന്നും ഹമാസ് നേതൃത്വം പറഞ്ഞു. നേരത്തേ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച അലസിപ്പിരിഞ്ഞെങ്കിലും പിന്നീട് പുനരാരംഭിച്ചു. അതുകൊണ്ടുതന്നെ ചര്‍ച്ചയുടെ അവസാന വാതില്‍ അടഞ്ഞെന്ന് പറയാനാകില്ല.
ഇരുപക്ഷവും നിലപാടില്‍ അയവുവരുത്തണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രി ആവശ്യപ്പെട്ടു. ധാരണയിലെത്താന്‍ ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു. മൂന്നുഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ചര്‍ച്ച ചെയ്തിരുന്നത്.